
ബാറ്റൺ റൂഷ്: ലൂസിയാനയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ മാൾ ഓഫ് ലൂസിയാനയിലുണ്ടായ വെടിവയ്പ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാളിലെ ഫുഡ് കോർട്ടിന് സമീപമാണ് വെടിവയ്പ്പുണ്ടായത്.
രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. 17 വയസ്സുള്ള യുവാവാണ് വെടിയേറ്റ് മരിച്ചത്. പരുക്കേറ്റ അഞ്ച് പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലർ തർക്കവുമായി ബന്ധമില്ലാത്ത വഴിയാത്രക്കാരാണെന്നും റിപ്പോർട്ടുകളുണ്ട്.
പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് പേരെയാണ് പൊലീസ് പിടികൂടിയത്. ഇത് പെട്ടെന്നുണ്ടായ തർക്കമാണെന്നും പൊതുജനങ്ങൾക്ക് നേരെ മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമല്ലെന്നും ബാറ്റൺ റൂഷ് പൊലീസ് ചീഫ് വ്യക്തമാക്കി. വെടിവയ്പ്പിനെത്തുടർന്ന് മാൾ താൽക്കാലികമായി അടച്ചുപൂട്ടി. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്. സംഭവ സ്ഥലത്തുനിന്നും ഒരു തോക്കും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Shooting at Mall of Louisiana: 17-year-old killed, five in custody















