ട്രംപിൻ്റെ തെരഞ്ഞെടുപ്പ് റാലിയിലെ വെടിവെപ്പ്: പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ സൈനികൻ അന്തരിച്ചു, അനുശോചനവുമായി ട്രംപ്

വാഷിംഗ്‌ടൺ: പെൻസിൽവേനിയയിലെ ബട്ട്‌ലറിൽ 2024-ൽ നടന്ന ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ വെടിവെപ്പിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിം കോപ്പൻഹേവർ (76) അന്തരിച്ചു. വെടിയേറ്റതിനെത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന് പെൻസിൽവേനിയ അറ്റോർണി ജനറൽ അറിയിച്ചു. പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിലുള്ള ആശുപത്രിയിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

റാലിക്കിടെ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് തോക്കുധാരിയായ തോമസ് ക്രൂക്സ് വെടിയുതിർത്തപ്പോൾ കോപ്പൻഹേവറിന്റെ കൈയ്ക്കും വയറിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന കോറി കോമ്പററ്റോർ എന്നയാൾ അന്ന് തന്നെ വെടിയേറ്റ് മരിക്കുകയും ട്രംപിന്റെ ചെവിക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണം നടത്തിയ തോമസ് ക്രൂക്സിനെ (20) അപ്പോൾത്തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വധിച്ചു.

അമേരിക്കൻ സായുധ സേനയിലെ മുൻ സൈനികനായിരുന്ന കോപ്പൻഹേവർ കടുത്ത രാജ്യസ്നേഹിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അനുസ്മരിച്ചു. വെടിവെപ്പിന് ശേഷം നിരവധി ശസ്ത്രക്രിയകൾക്കും അണുബാധകൾക്കും അദ്ദേഹം വിധേയനായിരുന്നു. നട്ടെല്ലിന് സമീപം വെടിയുണ്ട തങ്ങിനിന്നിരുന്നതിനാൽ വടിയുടെ സഹായത്തോടെയാണ് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹം നടന്നിരുന്നത്. റാലിയിൽ തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സീക്രട്ട് സർവീസിനും ഫെഡറൽ ഗവൺമെന്റിനുമെതിരെ കോപ്പൻഹേവറും പരിക്കേറ്റ മറ്റൊരു വ്യക്തിയായ ഡേവിഡ് ഡച്ചും ചേർന്ന് കഴിഞ്ഞ ജൂണിൽ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തിരുന്നു.

കോപ്പൻഹേവറിന്റെ നിര്യാണത്തിൽ മുൻ ട്രംപും യുഎസ് ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ അംഗങ്ങളും അനുശോചനം രേഖപ്പെടുത്തി. കോപ്പൻഹേവർ ഒരു യഥാർത്ഥ അമേരിക്കൻ ദേശസ്നേഹിയായിരുന്നുവെന്നും സങ്കൽപ്പിക്കാനാവാത്ത പ്രയാസങ്ങളെയാണ് അദ്ദേഹം കരുത്തോടെ നേരിട്ടതെന്നും ട്രംപ് തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Shooting at Trump’s election rally: Former soldier injured in the incident passes away; Trump offers condolences.

More Stories from this section

family-dental
witywide