തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നതിനിടെ മുൻ എംപി ടി.എൻ പ്രതാപനും അധ്യക്ഷനാകാനുള്ള താത്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശ്വസ്‌തൻ കൂടിയായ ടി.എൻ പ്രതാപൻ, കെപിസിസി അധ്യക്ഷ പദവി നിർണയിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടുകളും നിർണായകമാകുന്നതിനാൽ മുഖ്യമന്ത്രിയുടെ പിന്തുണയും തേടിയെന്നും സൂചനയുണ്ട്.
അതേസമയം, പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി ബെഹ്നാൻ, ആൻ്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരാണ് സജീവമായി പരിഗണനയിലുള്ളത്. ടി.എൻ പ്രതാപനൊപ്പം യുവനേതാക്കളായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരും പരിഗണനയിലാണ്. എന്നാൽ ഒരാൾക്ക് ഒരുപദവി എന്ന പാർട്ടി നയം കൊടിക്കുന്നിലിനും ബെന്നിക്കും ആന്റോയ്ക്കും കുഴൽനാടനും ഷാഫിക്കും തടസമാണ്. ഒരാൾക്ക് ഒരു പദവി എന്ന നയം അംഗീകരിച്ചാൽ ടി.എൻ പ്രതാപൻ, ജോസഫ് വാഴക്കൻ ഇവരിൽ ഒരാൾക്കാകും സാധ്യത. ഡൽഹിയിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.
T.N. Prathapan also in the fray for the KPCC President post; behind-the-scenes moves intensify.











