എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവം SIT അന്വേഷിക്കുന്നു. മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റതിന് പിന്നാലെയാണ് സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും മുഖ്യമന്ത്രി വിഡി സതീശൻ നിർദേശിച്ചു.
2023 ഡിസംബറിലായിരുന്നു സംഭവം. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കറുത്ത കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിവന്നാണ് ഗൺമാൻമാർ പ്രതിഷേധക്കാരെ മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
അന്ന് ഈ സംഭവത്തെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവർത്തന’മാണെന്നും പറഞ്ഞ് ഗൺമാൻമാരുടെ നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചിരുന്നു. കോൺഗ്രസ് നേതാക്കൾ ഇതിൽ വലിയ പ്രതിഷേധവും ഉയർത്തിയിരുന്നു.
SIT investigating the incident in which former Chief Minister Pinarayi Vijayan’s gunmen beat up Youth Congress-KSU workers in Alappuzha












