അമേരിക്ക-ഇറാൻ സംഘർഷത്തിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ദൗത്യം തുടരുമെന്ന് ഖത്തർ വ്യക്തത വരുത്തി. സംഘർഷം ലഘൂകരിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള എല്ലാ നീക്കങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അറിയിച്ചു. ഇക്കാര്യത്തിൽ ഖത്തറിന്റെ നിലപാട് ഇറാന് കൈമാറിയിട്ടുണ്ട്.
അതേസമയം, തന്ത്രപ്രധാനമായ ഹോർമുസിൽ കപ്പലിന് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ ഖത്തർ ഇറാൻ വിദേശകാര്യ മന്ത്രിയെ പ്രതിഷേധം അറിയിച്ചു. സമാധാന ശ്രമങ്ങളെ പാടേ തകർക്കുന്ന ഇത്തരം നടപടികളിൽ നിന്ന് പിന്മാറണമെന്ന് ഖത്തർ ഇറാനോട് കർശനമായി ആവശ്യപ്പെടുകയും ചെയ്തു.
അതിനിടെ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങളിൽ പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണ ഭീഷണിയെ തുടർന്ന് ബഹ്റൈനിൽ രണ്ട് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ടതോടെ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും നിർദ്ദേശം നൽകി.
ബഹ്റൈന് പിന്നാലെ കുവൈത്തിന് നേരെയും കനത്ത വ്യോമാക്രമണ ശ്രമമുണ്ടായി. രാജ്യത്തിന് നേരെ വന്ന മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി പ്രതിരോധിച്ചു. ആക്രമണങ്ങളെ തടയുന്നതിനിടയിൽ ആകാശത്ത് വലിയ തോതിലുള്ള സ്ഫോടന ശബ്ദങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് ആർമി ജനങ്ങൾക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി.
Qatar to Continue Peace Mission in US-Iran Conflict; Protests to Iran Over Strait of Hormuz Ship Attack













