ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കാനുള്ള മന്ത്രിസഭയുടെ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ശേഷാദ്രിനാഥിനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കുന്നതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുകളുയർന്നിരുന്നു. അദ്ദേഹത്തിന് സംഘപരിവാർ ബന്ധമുണ്ടെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഭരണ മുന്നണിയിൽ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ഗവർണർ നിയമനത്തിന് അംഗീകാരം നൽകിയിരിക്കുന്നത്.
നിയമനത്തില്‍ വീണ്ടും ശക്തമായ എതിര്‍പ്പ് കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ഉന്നയിച്ചു. നിയമനം പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്നതെന്ന് പി എം നിയാസ് തുറന്നടിച്ചിരുന്നു. എന്നാല്‍ നിയമനത്തെ ന്യായീകരിച്ച് തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജി രംഗത്തെത്തി. പരിശോധിച്ച ശേഷമാണ് നിയമനമെന്നും മുഖ്യമന്ത്രിയല്ല, താനാണ് പേര് നിര്‍ദേശിച്ചതെന്നും കെഎം ഷാജി പ്രതികരിച്ചു. എന്നാൽ, തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കെപിസിസിക്കും പി എം നിയാസ് കത്തയക്കുകയും ചെയ്തു. ഈ തീരുമാനം പാര്‍ട്ടിയുടെ അടിവേര് ഇളക്കുന്നതാണെന്നും പാര്‍ട്ടിയില്‍ ഇത്തരം രാഷ്ട്രീയ നിയമന കാര്യങ്ങള്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല. ഈ നിയമനം പുന പരിശോധിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും അഡ്വ പി എം നിയാസ് പറഞ്ഞു.
അതേസമയം, മാർച്ച് 30-ന് എ. ഷാജഹാൻ സ്ഥാനമൊഴിഞ്ഞതിനുശേഷം മൂന്നുമാസത്തോളമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുൻ എൽ.ഡി.എഫ്. സർക്കാർ ചവറ കുടുംബക്കോടതി ജഡ്‌ജിയായിരുന്ന കെ.ജി. സനൽകുമാറിനെ കമ്മിഷണറായി നിയമിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ജഡ്ജിയായിരിക്കേ നിയമനത്തിന് ഹൈക്കോടതിയുടെ അനുമതിതേടിയില്ലെന്ന വിമർശനമുയർത്തി ഗവർണർ നിയമനാനുമതി നിഷേധിച്ചിരുന്നു. പിന്നീടാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ശേഷാദ്രിനാഥനെ നിയമിക്കാൻ തീരുമാനിച്ചത്.
എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ 1990 ജനുവരി 13-നാണ് അഭിഭാഷകനായി എൻ്റോൾ ചെയ്തത്. കേരള സഹകരണ ട്രിബ്യൂണൽ, കൊച്ചിയിലെ സ്പെഷ്യൽ ജഡ്‌ജി (എൻ.ഐ.എ./സി.ബി.ഐ.), കവരത്തി ജില്ലാ ജഡ്ജി എന്നിങ്ങനെ പ്രവർത്തിച്ചു. 2000-ൽ കേരള ജുഡീഷ്യൽ സർവീസിൽ മുൻസിഫ് മജിസ്ട്രേറ്റായി തിരഞ്ഞെടുക്കപ്പെട്ടു.2018 ഫെബ്രുവരിയിലാണ് ജില്ലാ ജഡ്ജിയാകുന്നത്. കണ്ണൂർ തളിപ്പറമ്പ് മോട്ടോർ ആക്സസിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി.), എറണാകുളം അഡിഷണൽ ജില്ലാ ജഡ്‌ജി, തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്‌ജി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജുഡീഷ്യൽ സർവീസിൽനിന്ന് 2026 മേയ് 31-ന് വിരമിച്ചു.
Approval for the appointment of Seshadrinathan as State Election Commissioner; Governor approves cabinet recommendation













