അകത്തോ പുറത്തോ! കെ അണ്ണാമലൈയുടെ കാര്യത്തിൽ വീണ്ടും ട്വിസ്റ്റ്? ഒരു ദിവസം കൂടി ദില്ലിയിൽ തുടരാൻ നിർദേശിച്ച് അമിത് ഷാ

ചെന്നൈ: ബിജെപി നേതൃത്വത്തെ പാർട്ടി വിടാനുള്ള താൽപര്യം അറിയിച്ച് തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. ഇതിനായി ദില്ലിയിലെത്തിയ അണ്ണാമലൈ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഒരു ദിവസം കൂടി ദില്ലിയിൽ തുടരാൻ അമിത് ഷാ നിർദേശിച്ചതായാണ് അണ്ണാമലൈയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ അന്തിമ നിലപാട് നാളെ പരസ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ വിമർശിച്ച് അണ്ണാമലൈ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിപ്പും പങ്കുവെച്ചു. “കെ അണ്ണാമലൈ ബിജെപിക്ക് അകത്തോ പുറത്തോ എന്നറിയാൻ രണ്ട് ദിവസം കാത്തിരിക്കൂ” എന്ന് ചെന്നൈയിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞ ശേഷമാണ് അദ്ദേഹം ദില്ലിയിലേക്ക് തിരിച്ചത്. അവിടെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തി.

അണ്ണാഡിഎംകെയുമായുള്ള സഖ്യത്തെയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തെയും കുറിച്ചുള്ള അതൃപ്തി അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പാർട്ടി ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് പുതിയൊരു രാഷ്ട്രീയ-സാമൂഹിക സംഘടന രൂപീകരിക്കാനുള്ള താൽപര്യവും അണ്ണാമലൈ പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അഞ്ച് പേജുള്ള രാജിക്കത്ത് ദേശീയ അധ്യക്ഷന് കൈമാറിയതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യം അണ്ണാമലൈ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ടാക്സി കാറിൽ അമിത് ഷായുടെ വസതിയിലെത്തിയ അണ്ണാമലൈ, ബിജെപി ദേശീയ നേതൃത്വത്തോട് വ്യക്തിപരമായ ആദരവാണുള്ളതെങ്കിലും തമിഴ്നാട് ബിജെപിയിൽ തുടരാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്ന് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഒരു ദിവസം കൂടി ദില്ലിയിൽ തുടരാൻ അമിത് ഷാ ആവശ്യപ്പെട്ടതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ദേശീയ കാഴ്ചപ്പാടുള്ള മതേതര പ്രാദേശിക പാർട്ടി രൂപീകരിക്കാനാണ് അണ്ണാമലൈ ആലോചിക്കുന്നതെന്നാണ് വിവരം. അടുത്ത എട്ട് മാസത്തിനുള്ളിൽ പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് രൂപം നൽകാനും 2031ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ശക്തിയുടെ പ്രധാന എതിരാളിയായി മാറാനുമുള്ള സാധ്യതകൾ അദ്ദേഹം അടുത്തവരുമായി പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇതിനിടെ, വിജയ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയ വിമർശനം ശക്തമാക്കാനും അണ്ണാമലൈ ശ്രമിക്കുന്നുണ്ട്. തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ ടിവികെയുടെ രണ്ട് പ്രാദേശിക നേതാക്കൾ അറസ്റ്റിലായ സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എക്സിലൂടെ വിമർശനമുന്നയിച്ചത്. അതേസമയം, അണ്ണാമലൈയുടെ ദില്ലി സന്ദർശനത്തിന്റെ അന്തിമഫലം എന്താകുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് തമിഴ്നാട്ടിലെ ബിജെപി നേതാക്കളുടെ അനൗദ്യോഗിക പ്രതികരണം. അടുത്ത 24 മണിക്കൂറിനുള്ളിൽ അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം ഉണ്ടാകുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.

More Stories from this section

family-dental
witywide