തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തുടങ്ങിയ തിരിച്ചടികളുടെ പത്മാവ്യൂഹത്തിൽ കുടുങ്ങി മമത ബാനർജി. ഏറ്റവും ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) നിന്ന് രാജിവെച്ച മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റായിയാണ് മമതക്ക് കനത്ത പ്രഹരം നൽകിയത്. സുഖേന്ദു ശേഖർ അഞ്ച് ലോക്‌സഭാ എം.പിമാർക്കൊപ്പം കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. സുഖേന്ദു ശേഖർ റായിക്കൊപ്പം ടി.എം.സി ലോക്‌സഭാ എം.പിമാരായ ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാദ സോറെൻ, അരൂപ് ചക്രബർത്തി എന്നിവരാണ് ബിജെപി നേതൃത്വത്തെ കണ്ടത്. ആറ് തൃണമൂൽ കോൺഗ്രസ് എം.പിമാരും ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ.
ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും തൃണമൂലിലെ വിമത എം.പിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഈ ആറ് എം.പിമാരും ലോക്‌സഭയിൽ നിന്ന് രാജിവെക്കുന്നതുൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങളും തുടർനടപടികളും നേതാക്കൾ തമ്മിൽ ചർച്ച ചെയ്തതായാണ് സൂചന. പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വലിയ രാഷ്ട്രീയ തിരിച്ചടി നൽകുന്നതാണ് എം.പിമാരുടെ ഈ കൂട്ടത്തോടെയുള്ള കൂറുമാറ്റ നീക്കം.
Six TMC MPs Set to Join BJP: Sukhendu Sekhar Ray and Five Lok Sabha MPs Meet BJP Leaders in Delhi














