മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തി; ദൃശ്യങ്ങൾ പകർത്തി ബന്ധുവിന് അയച്ചു, ഇടുക്കിയെ നടുക്കി ക്രൂര കൊലപാതകം

നെടുങ്കണ്ടം: ലഹരിക്ക് അടിമയായ മകൻ മാതാപിതാക്കളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ഇടുക്കി നെടുങ്കണ്ടം എഴുകുംവയൽ പാറത്തറയിൽ ആന്റണി (അപ്പച്ചൻ – 59), ഭാര്യ വത്സമ്മ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ അജീഷിനെ (26) നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം മാതാപിതാക്കളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രതി ബന്ധുവിന് അയച്ചുനൽകുകയും ചെയ്തു.

വെള്ളിയാഴ്ച രാത്രി 9.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കടുത്ത ലഹരിക്ക് അടിമയായ അജീഷ് വീട്ടിലെത്തി മാതാപിതാക്കളുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും, തുടർന്ന് വീട്ടിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി വെട്ടിവീഴ്ത്തുകയുമായിരുന്നു. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ ചോരവാർന്ന് മരിച്ചു.

കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് മൃതദേഹങ്ങളുടെ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തി വാട്സാപ്പ് വഴി ബന്ധുവിന് അയച്ചുകൊടുത്തത്. ദൃശ്യങ്ങൾ കണ്ട് ഭയന്നുപോയ ബന്ധു ഉടൻ തന്നെ പ്രദേശത്തെ പള്ളി വികാരിയേയും വാർഡ് മെമ്പറെയും വിവരമറിയിച്ചു. ഇവർ നാട്ടുകാർക്കൊപ്പം വീട്ടിലെത്തിയപ്പോഴാണ് ഇരട്ടക്കൊലപാതകത്തിൻ്റെ വിവരം പുറംലോകമറിയുന്നത്.

വിവരമറിഞ്ഞ് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തുമ്പോൾ പ്രതി ചോര പുരണ്ട വസ്ത്രങ്ങളുമായി അതീവ അക്രമാസക്തനായി വീടിനുള്ളിൽ നിൽക്കുകയായിരുന്നു. പൊലീസിനു നേരെയും ഇയാൾ തിരിഞ്ഞെങ്കിലും ഏറെ പ്രയത്നിച്ച് പൊലീസ് സംഘം ഇയാളെ കീഴ്പ്പെടുത്തി. മുൻപും ലഹരിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിട്ടുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Son hacks parents to death; records footage and sends it to relative, brutal murder shakes Idukki

More Stories from this section

family-dental
witywide