
യുദ്ധത്തിൻ്റെ കരിനിഴലിലും രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും കായികലോകം ഏറെ ആകാംഷയോടെ ഉറ്റുനോക്കിയ ഇറാൻ – ന്യൂസീലൻഡ് ലോകകപ്പ് മത്സരം സമനിലയിൽ അവസാനിച്ചു. ലൊസാഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലെ കളിക്കളത്തിനകത്തെ കടുത്ത പോരാട്ട വീര്യം കൊണ്ടും, പുറത്തെ മാനുഷിക പശ്ചാത്തലം കൊണ്ടും ഈ ടൂർണമെൻ്റിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായി ഇത് മാറി. ലോകത്ത് ഇറാനിയൻ പ്രവാസികൾ ഏറ്റവും കൂടുതലായി താമസിക്കുന്ന നഗരങ്ങളിൽ ഒന്നാണ് ലൊസാഞ്ചലസ്. അതുകൊണ്ടുതന്നെ ഈ മത്സരം വെറുമൊരു ഗ്രൂപ്പ് ഘട്ട പോരാട്ടത്തിനപ്പുറം വലിയൊരു രാഷ്ട്രീയ പ്രഖ്യാപനത്തിനുള്ള വേദിയായി പ്രവാസികൾ തിരഞ്ഞെടുത്തു.
മത്സരത്തിന് തൊട്ടുമുൻപ് ഇറാന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ സ്റ്റേഡിയത്തിൽ നിന്ന് ഉയർന്ന പ്രതികരണങ്ങളുടെ വിഡിയോകൾ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ ടീമിനെ പിന്തുണച്ച് ആർത്തുവിളിച്ചപ്പോൾ, ഗാലറിയുടെ ഭൂരിഭാഗം കോണുകളിൽ നിന്നും ഉയർന്ന ശക്തമായ കൂക്കിവിളികളും പ്രതിഷേധ സ്വരങ്ങളുമാണ് സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടത്.
ആദ്യ വിസിൽ മുഴങ്ങിയതു മുതൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ഇറാൻ്റെ വേഗതയേറിയ മുന്നേറ്റങ്ങളെ ന്യൂസീലൻഡ് പ്രതിരോധനിര കൃത്യമായി തടഞ്ഞുനിർത്തി. കനത്ത സമ്മർദ്ദങ്ങൾക്കിടയിലും ഇരു ടീമുകളും കളിക്കളത്തിൽ മികച്ച കായിക മര്യാദ കാത്തുസൂക്ഷിച്ചു. നിശ്ചിത സമയത്തിനകം ഗോൾ നേടാൻ ഇരുപക്ഷത്തിനും കഴിയാതെ വന്നതോടെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്.
മത്സരത്തിന് മുൻപും ശേഷവും ഇരു ടീമുകളിലെയും കളിക്കാർ പരസ്പരം സൗഹൃദം പങ്കുവെച്ചത് കളി കാണാനെത്തിയ കാണികളുടെ വലിയ കൈയടി നേടി. രാഷ്ട്രീയ വിയോജിപ്പുകൾക്കും യുദ്ധാന്തരീക്ഷത്തിനും അപ്പുറം കായികരംഗം സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും വേദിയാണെന്ന വലിയ സന്ദേശമാണ് ഈ മത്സരം ലോകത്തിന് നൽകിയത്. സമനിലയോടെ ഇരു ടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടു.
Sportsmanship spirit even in the shadow of war; Iran-New Zealand match ends in a draw















