
ന്യൂഡൽഹി: രാജ്യത്ത് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം ഔഷധ സിറപ്പുകളും വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി കേന്ദ്ര സർക്കാർ നിർബന്ധമാക്കി. 1945-ലെ ഡ്രഗ്സ് റൂൾസ് ഭേദഗതി ചെയ്തുകൊണ്ടാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ ഫാർമസികളിൽ നിന്ന് നേരിട്ട് പണം നൽകി സിറപ്പുകൾ വാങ്ങുന്ന രീതി അവസാനിച്ചു.
മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഗുണനിലവാരമില്ലാത്ത കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരണപ്പെട്ടതിനെ തുടർന്നാണ് മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. ലിക്വിഡ് മരുന്നുകളുടെ നിർമ്മാണത്തിലും വിപണനത്തിലും കർശനമായ നിയന്ത്രണം വേണമെന്ന ആവശ്യത്തെ തുടർന്നാണ് ഈ പുതിയ മാറ്റം.
ജൂൺ 9-നാണ് ഈ വിജ്ഞാപനം പുറത്തിറങ്ങിയത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതു മുതൽ ഇത് നിലവിൽ വന്നു. ‘ഡ്രഗ്സ് (അഞ്ചാം ഭേദഗതി) ചട്ടങ്ങൾ, 2026’ എന്ന പേരിലുള്ളതാണ് ഈ നിയമം. ഡ്രഗ്സ് റൂൾസിലെ ‘ഷെഡ്യൂൾ കെ’ എന്ന വിഭാഗത്തിൽ നിന്ന് “സിറപ്പുകൾ” എന്ന വാക്ക് ഒഴിവാക്കി. ഇതോടെയാണ് ഇവ ഡോക്ടറുടെ അനുമതിയില്ലാതെ വിൽക്കാൻ പാടില്ലാത്ത മരുന്നുകളുടെ പട്ടികയിലായത്.
1940-ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിലെ സെക്ഷൻ 12, 33 എന്നിവ പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയത്. 2025 ഡിസംബറിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് നിർദ്ദേശത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും ആരോഗ്യ വിദഗ്ധരിൽ നിന്നും അഭിപ്രായങ്ങൾ തേടിയ ശേഷമാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചത്. ആരോഗ്യ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഹർഷ് മംഗ്ലയാണ് ഉത്തരവ് ഒപ്പുവെച്ചത്. രാജ്യത്തെ എല്ലാ ഫാർമസികളും പുതിയ നിയമം കർശനമായി പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
Doctor’s prescription mandatory to buy cough syrups; Central government amends law














