യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് കേരളത്തെ വലിയ അപകടത്തിലേക്ക് നയിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലാണ് എന്ന തെറ്റായ സന്ദേശമാണ് ബജറ്റിന്റെ ആമുഖത്തിലൂടെ നൽകാൻ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബജറ്റിലെ വകയിരുത്തലുകൾ പരിശോധിച്ചാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് വ്യക്തമാകും. രണ്ടായിരം കോടിയുടെ അധിക വകയിരുത്തൽ ബജറ്റിലുണ്ടെന്നിരിക്കെ, സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന വാദം രാഷ്ട്രീയ ആക്ഷേപം മാത്രമാണ്. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിലില്ലെന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച പല കാര്യങ്ങളും യുഡിഎഫ് ബജറ്റിൽ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വൻകിട കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്വകാര്യ മേഖലയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിനുമാണ് ബജറ്റിൽ ശ്രമിച്ചിട്ടുള്ളത്. വൻകിട മദ്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം വലിയ തോതിൽ നിർമ്മിക്കാനുള്ള അവസരം ബജറ്റിലൂടെ തുറന്നുകൊടുക്കുകയാണ്. ഒഡീഷയെയും ആന്ധ്രപ്രദേശിനെയും കേരളത്തെയും ബന്ധിപ്പിച്ച് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ഇടനാഴി ആശയത്തെ യുഡിഎഫ് സർക്കാർ പൂർണ്ണമായും ഉൾക്കൊണ്ടു കഴിഞ്ഞു. ‘മിഷൻ സമുദ്ര’ വഴി സ്വകാര്യ മേഖലയ്ക്ക് കേരളത്തിന്റെ തീരങ്ങൾ തീറെഴുതാനാണോ പദ്ധതിയെന്ന് ആശങ്കയുണ്ട്. ഇതിനൊപ്പം സംസ്ഥാനത്തിന്റെ ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് സ്വകാര്യ കമ്പനികൾക്ക് സഹായം ചെയ്യാനാണ് നീക്കം നടക്കുന്നത്. പ്ലാനിങ് ബോർഡിനെ കേന്ദ്ര നയപ്രകാരം വെറുമൊരു തിങ്ക് ടാങ്ക് ആക്കി മാറ്റാൻ ശ്രമിക്കുന്നതിലൂടെ ജവഹർലാൽ നെഹ്‌റുവിന്റെ വികസന കാഴ്ചപ്പാടുകളെ സർക്കാർ കുഴിച്ചുമൂടുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെയും ജനക്ഷേമ പദ്ധതികളെയും തകർക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. സർക്കാർ ആശുപത്രികളെ ശാക്തീകരിക്കുന്ന പ്രഖ്യാപനങ്ങളൊന്നും ഇതിലില്ല. കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചത്. എസ്‌സി- എസ്ടി വിഭാഗത്തിന് പ്രത്യേക ഭവന പദ്ധതി പ്രഖ്യാപിച്ചത് എൽഡിഎഫിന്റെ ലൈഫ് പദ്ധതിയെ തകർക്കാനാണ്. വലിയ പ്രഖ്യാപനമായി പറയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി വെറും പത്തുകോടി രൂപ മാത്രമാണ് മാറ്റിവെച്ചിരിക്കുന്നത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു പ്രഹസനം മാത്രമാണെന്നും കോർപ്പറേറ്റുകളെയും സ്വകാര്യ കമ്പനികളെയും മാടിവിളിക്കുന്ന ഈ ബജറ്റ് കേരളത്തിന് വലിയ അപകട സൂചനയാണ് നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
State Budget Promotes Corporate Interests and Poses Danger to Kerala, Alleges Opposition Leader Pinarayi Vijayan











