വഖഫ് ബോർഡിലെ അമുസ്ലിം അംഗങ്ങളുടെ നിയമനം സുപ്രിംകോടതി വിധിക്ക് ശേഷം മാത്രമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ. ബോർഡിൽ പുതിയ സങ്കീർണതകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി. എന്നാൽ ബോർഡിൽ നിലവിലുള്ള ഒഴിവുകൾ സർക്കാരിന് ആദ്യം നികത്തിക്കൂടെയെന്ന് വിഷയത്തിൽ വാദം കേൾക്കവെ ഹൈക്കോടതി ചോദിച്ചു.
നിലവിൽ നോമിനേറ്റ് ചെയ്ത അംഗങ്ങളെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ അധികാരം ഉപയോഗിച്ച് മറ്റ് അംഗങ്ങളെ നിയമിക്കാമെന്നും, ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനുണ്ടെന്നും ഹൈക്കോടതി ഓർമിപ്പിച്ചു. ബോർഡിലേക്ക് ഒരു ഷിയാ അംഗത്തെ നിയമിക്കാനും ബോർഡ് പുനഃസംഘടിപ്പിക്കാനും തയ്യാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
കേസിൽ എന്തായാലും ആറാഴ്ചയ്ക്കുള്ളിൽ അന്തിമ തീരുമാനം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് സർക്കാരിന് നിർദേശം നൽകി. ബോർഡ് പുനഃസംഘടനയും പുതിയ നിയമനങ്ങളും സംബന്ധിച്ച് വ്യക്തമായ നിലപാട് അടുത്ത ആറാഴ്ചയ്ക്കുള്ളിൽ സർക്കാർ കോടതിക്ക് മുന്നിൽ സമർപ്പിക്കേണ്ടി വരും.
State Govt to Appoint Non-Muslim Waqf Board Members After Supreme Court Verdict















