ജവാൻ റമ്മിന് പ്രത്യേക മുൻഗണന; ബെവ്കോയ്ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

കേരളത്തിലെ മൊത്തവ്യാപാര മദ്യവിതരണക്കാരായ ബിവറേജസ് കോർപറേഷൻ (ബെവ്കോ) സർക്കാർ ഉടമസ്ഥതയിലുള്ള ജവാൻ റമ്മിന് വിപണിയിൽ അനധികൃത മുൻഗണന നൽകുന്നുവെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മദ്യ ഉൽപ്പാദകരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജസ് കമ്പനീസ് നൽകിയ ഹർജിയിലാണ് നടപടി. ജസ്റ്റിസ്മാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ദേവ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജി അടുത്ത മാസം 23-ന് കോടതി വീണ്ടും പരിഗണിക്കും.

ബെവ്കോ തങ്ങളുടെ വിപണി മേധാവിത്വം ദുരുപയോഗം ചെയ്ത് സ്വകാര്യ ബ്രാൻഡുകളെക്കാൾ ജവാൻ റമ്മിന് അനാവശ്യ മുൻഗണന നൽകുന്നുവെന്നാണ് പ്രധാന ആരോപണം. സ്വകാര്യ മദ്യ നിർമ്മാതാക്കൾക്ക് 8 ശതമാനം മൊത്തവ്യാപാര മാർജിൻ ഈടാക്കുമ്പോൾ ജവാൻ റമ്മിന് 1.5 ശതമാനം മാത്രമാണ് വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഇത് ജവാൻ റം കുറഞ്ഞ വിലയിൽ വിൽക്കാൻ സഹായിക്കുകയും വിപണിയിൽ മറ്റ് സ്വകാര്യ ബ്രാൻഡുകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.

മദ്യക്കമ്പനികളുടെ സമാനമായ പരാതി നേരത്തെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും (സി.സി.ഐ) ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലും തള്ളിയിരുന്നു. തുടർന്നാണ് സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ, തിരുവിതാംകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

Supreme Court Issues Notice to Bevco Over Alleged Favoritism Towards Jawan Rum

More Stories from this section

family-dental
witywide