
ന്യൂഡൽഹി: രാജ്യതലസ്ഥാന മേഖലയിലെ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസികൾ. പാകിസ്താൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവിനെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. ‘ഉമർ’ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ സോഷ്യൽ മീഡിയയിലൂടെ യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
വാട്സ്ആപ്പ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് ഇയാൾ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നതെന്നാണ് വിവരം. തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുകയും യുവാക്കളെ ഭീകരപ്രവർത്തനങ്ങൾക്ക് സജ്ജരാക്കാൻ ശ്രമിക്കുകയും ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇയാളുടെ യഥാർഥ പേരും മറ്റ് വ്യക്തിഗത വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
അറസ്റ്റിലായ പ്രതിയെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് കൈമാറി. പാകിസ്താനിലുണ്ടെന്ന് കരുതുന്ന ഇയാളുടെ ഹാൻഡ്ലറെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയുള്ള ഭീകരശൃംഖലയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, ഗുജറാത്തിലെ വഡോദരയിൽ എകെ-47 തോക്കുമായി അറസ്റ്റിലായ ജെയ്ഷെ മുഹമ്മദ് പ്രവർത്തകനുമായി ഉമറിന് ബന്ധമുണ്ടോയെന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇരുവരും ഒരേ ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയുടെ ഭാഗമാണോയെന്നാണ് സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നത്.
വെള്ളിയാഴ്ചയാണ് അസം സ്വദേശിയായ എം.ഡി. സഹാറുൽ ഇസ്ലാമിനെ ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. വഡോദര ജില്ലയിലെ ജാറോഡ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ഇയാളെ പിടികൂടുമ്പോൾ ഒരു എകെ-47 റൈഫിളും 23 ലൈവ് കാട്രിഡ്ജുകളും കണ്ടെത്തിയിരുന്നു. അനധികൃതമായി ആയുധം കൈവശം വച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
ജെയ്ഷെ മുഹമ്മദുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഗുജറാത്ത് എടിഎസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധം എവിടെനിന്ന് ലഭിച്ചുവെന്നും ആർക്കുവേണ്ടിയാണ് എത്തിച്ചതെന്നും കണ്ടെത്താനുള്ള ചോദ്യംചെയ്യൽ തുടരുകയാണ്.
കഴിഞ്ഞ വർഷം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് സമാനമായ ആക്രമണം ആവർത്തിക്കാൻ പാക് പിന്തുണയുള്ള ഭീകരസംഘം പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ അറസ്റ്റിലായ ഉമറിനും വഡോദരയിൽ പിടിയിലായ സഹാറുൽ ഇസ്ലാമിനും ഈ ഗൂഢാലോചനയുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്.














