ഗ്യാനേഷിനെ പുറത്താക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി നാളെ തന്നെ സുപ്രീം കോടതി പരിഗണിക്കും, ഇന്ത്യ സഖ്യ നേതാക്കളും കക്ഷി ചേർന്നു; ഉറ്റുനോക്കി രാജ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹത്തിന്റെ നടപടികളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഗ്യാനേഷ് കുമാർ ഏകപക്ഷീയവും വഴിവിട്ടതുമായ തീരുമാനങ്ങൾ നടപ്പിലാക്കിയെന്നും, ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത തകർക്കുന്നതാണെന്നുമാണ് ഹർജിയിലെ പ്രധാന ആരോപണം. ദില്ലി ചലോ മാർച്ചുമായി എത്തിയ നേതാക്കൾക്ക് നേരിട്ട് സന്ദർശാനുമതി നിഷേധിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജുഡീഷ്യൽ നടപടിക്രമങ്ങൾ പാലിച്ച് ഹർജി സമർപ്പിക്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.

ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആർ (SIR) നടപടികളും വോട്ടർ പട്ടികയിൽ നിന്നും വ്യാപകമായി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയ സംഭവങ്ങളും ചോദ്യം ചെയ്യുന്നുണ്ട്. ഫോം 6 മാറ്റുന്നതിലടക്കം ചട്ടങ്ങൾ ലംഘിച്ച് ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സുപ്രീം കോടതി രജിസ്ട്രിയിൽ സമർപ്പിച്ച ഈ ഹർജിയിൽ രാഹുൽ ഗാന്ധിക്ക് പുറമേ മറ്റ് പ്രതിപക്ഷ പ്രമുഖ നേതാക്കളും കക്ഷി ചേർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള മറ്റു ഹർജികൾക്കൊപ്പമായിരിക്കും ഈ വിഷയവും നാളെ ബെഞ്ച് പരിഗണിക്കുക.

അതേസമയം, പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുന്ന ഇന്ത്യ സഖ്യം ഗ്യാനേഷ് കുമാർ രാജി വെക്കുന്നതുവരെ കടുത്ത നിലപാടുകളിൽ നിന്നും പിൻവാങ്ങില്ലെന്ന പ്രഖ്യാപനത്തിലാണ്. ചീഫ് ജസ്റ്റിസ് ഭരണഘടനാപരമായ പരിധികൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളെ നേരിട്ട് കാണുന്നത് ഒഴിവാക്കിയെങ്കിലും, മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ ജുഡീഷ്യറിയുടെ വാതിലുകൾ തുറന്നുകിടക്കുകയാണെന്ന ഉറപ്പ് പ്രതിപക്ഷത്തിന് ആശ്വാസമായിട്ടുണ്ട്. എങ്കിലും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എന്നത് ഭരണഘടനാ പദവിയായതിനാൽ തന്നെ ഇത്തരമൊരു ഹർജിയിൽ അടിയന്തര ജുഡീഷ്യൽ ഇടപെടലിന് കോടതിക്ക് നിയന്ത്രിത പരിധികൾ മാത്രമാണുള്ളത്.

നാളെ കേസ് പരിഗണിക്കുമ്പോൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും എത്തരം പരാമർശങ്ങളും നിർദ്ദേശങ്ങളുമാണ് ഉണ്ടാവുക എന്നത് ദേശീയ രാഷ്ട്രീയത്തിൽ അതിനിർണായകമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെയും ഗ്യാനേഷ് കുമാറിന്റെ അധികാര ദുരുപയോഗത്തെയും നീതിന്യായ പീഠം ഏത് രീതിയിൽ വിലയിരുത്തുമെന്നതിലേക്ക് കേന്ദ്ര സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും കണ്ണുകൾ ഒരുപോലെ ഉറ്റുനോക്കുകയാണ്.

Supreme Court to Hear Rahul Gandhi Petition Seeking Removal of CEC Gyanesh Kumar Tomorrow

More Stories from this section

family-dental
witywide