
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോർച്ചയ്ക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായാണ് ഇന്ത്യ സഖ്യം രാജ്യതലസ്ഥാനത്ത് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകർ സുപ്രീം കോടതിയിൽ ഔദ്യോഗികമായി ഹർജി സമർപ്പിച്ചു. എസ്.ഐ.ആർ (SIR) അടക്കമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് വൈകുന്നേരം 4.45-ഓടെ ഹർജി ഫയൽ ചെയ്തത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നുവെന്ന ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
പ്രതിഷേധക്കടലായി മാറിയ രാജ്യതലസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന്റെ ‘ദില്ലി ചലോ’ മാർച്ച് തുടരുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നിന്ന് ബസുകളിൽ പുറപ്പെട്ട നേതാക്കൾ ബാരക്കമ്പ ജംഗ്ഷനടുത്ത് വച്ച് ബസിൽ നിന്നിറങ്ങി റോഡ് മാർച്ച് ആരംഭിച്ചു. പിന്നീട് സുപ്രീം കോടതിയിലേക്ക് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള മണ്ടി ഹൗസിനടുത്ത് എത്തിയപ്പോൾ നേതാക്കൾ തുറന്ന വാഹനത്തിലേക്ക് മാറി പ്രക്ഷോഭത്തിന് നേതൃത്വം നൽകി. സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ശക്തമായ ബാരിക്കേഡുകൾ തീർത്ത് വിപുലമായ സുരക്ഷയാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം മാർച്ചിൽ അണിനിരന്നിട്ടുണ്ട്. പോലീസ് തടയുന്നിടം വരെ സമാധാനപരമായി പ്രതിഷേധം വ്യാപിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. നേതാക്കൾക്കൊപ്പം ആയിരക്കണക്കിന് പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തിയതോടെ ദില്ലിയിൽ കനത്ത സംഘർഷാവസ്ഥയാണ് നിലവിലുള്ളത്.
നിയമപരമായ മാർഗ്ഗങ്ങളിലൂടെ സുപ്രീം കോടതിയെ സമീപിച്ചാൽ ഏത് പരാതിയും പരിഗണിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, എന്നാൽ പ്രതിപക്ഷ നേതാക്കൾക്ക് നേരിട്ട് സന്ദർശാനുമതി നിഷേധിച്ചു. കോടതി നിലവിൽ പരിഗണിക്കുന്ന വിഷയങ്ങളിൽ പ്രതിപക്ഷ നേതാക്കളെ പ്രത്യേകം കണ്ട് നിവേദനം സ്വീകരിക്കുന്നത് ഉചിതമാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണപരമായി തീരുമാനിക്കേണ്ട കാര്യങ്ങളിൽ നേരിട്ട് ഇടപെടാൻ പരിമിതികളുണ്ടെന്നും, മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നുകിടക്കുന്നുണ്ടെന്നും വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, പ്രതിപക്ഷം ഹർജി നൽകിയാൽ അത് എത്രയും വേഗം ലിസ്റ്റ് ചെയ്യാമെന്നും അറിയിച്ചു.
രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും രാഷ്ട്രീയ-ജാതി-മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തെരുവിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവജനങ്ങൾക്ക് നേരെ പോലീസിന്റെയും ബി.ജെ.പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ഉണ്ടായ അതിക്രമങ്ങൾ തികച്ചും അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി ഹർജി സമർപ്പിച്ചതിനൊപ്പം പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷ നിരയുടെ തീരുമാനം.
Rahul Gandhi Files Petition Against CEC in Supreme Court; INDIA Bloc Continues ‘Delhi Chalo’ March in Open Vehicle












