‘മാർക്കിന് പകരം സെക്സ്’, പുറത്താക്കപ്പെട്ട ജെഎൻയു പ്രൊഫസർക്കെതിരെ പ്രതിഷേധം, എംപിയെ രാഹുൽ സംരക്ഷിക്കുന്നുവെന്ന് ബിജെപി; എഐസിസി ആസ്ഥാനത്തേക്ക് മാർച്ച്, സംഘർഷം

വിദ്യാർത്ഥിനികളുടെ ലൈംഗിക അതിക്രമ പരാതിയെ തുടർന്ന് ജെ.എൻ.യു പുറത്താക്കിയ അദ്ധ്യാപകനും കോൺഗ്രസ് എം.പിയുമായ ബിമോൽ അക്കോയിജാമിനെതിരെ പ്രതിഷേധം കടുപ്പിച്ച് ബി.ജെ.പി. സംഭവത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും മൗനം പാലിക്കുന്നത് സ്ത്രീസുരക്ഷയുടെ കാര്യത്തിലെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി വിമർശിച്ചു. ബിമോൽ അക്കോയിജാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ എ.ഐ.സി.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ‘മാർക്കിന് പകരം സെക്സ്’ എന്ന പ്ലക്കാർഡുകളുമായാണ് മഹിള മോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ കോൺഗ്രസ് സമരം ശക്തമാക്കുന്നതിനിടയിലാണ് ഈ വിഷയമുയർത്തി ബി.ജെ.പി ശക്തമായ പ്രതിരോധ നീക്കങ്ങൾ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ മെയ് മാസം മുതൽ ഈ ആരോപണങ്ങൾ നിലവിലുണ്ടായിട്ടും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ, സോണിയാ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ, രാഹുൽ ഗാന്ധിയോ ഇതുവരെ പ്രതികരിക്കുകയോ അന്വേഷണം പ്രഖ്യാപിക്കുകയോ ചെയ്യാൻ തയ്യാറായിട്ടില്ലെന്ന് ദില്ലിയിൽ വാർത്താസമ്മേളനം നടത്തിയ ബി.ജെ.പി നേതാക്കളായ ബാരിസുരി സ്വരാജും സുധാൻഷു ത്രിവേദിയും ആരോപിച്ചു. ഇത് കുറ്റാരോപിതനായ എം.പിയെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 11 വിദ്യാർത്ഥിനികളുടെ പരാതിയിന്മേൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിനു കീഴിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് സോഷ്യൽ സിസ്റ്റംസിലെ അധ്യാപകനും ഇന്നർ മണിപ്പൂരിൽ നിന്നുള്ള എം.പിയുമായ അൻഗോംച ബിമോൽ അകോയിജാമിനെ സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതിയുടെ ശുപാർശപ്രകാരം പുറത്താക്കിയത്.

ക്യാമ്പസിൽ താമസിക്കുന്ന ബിമോൽ വിദ്യാർത്ഥികളെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗികതാൽപര്യത്തോടെ സമീപിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ക്ലാസിൽ അശ്ലീലം നിറഞ്ഞതും അനാവശ്യവുമായ പരാമർശങ്ങൾ നടത്തിയെന്ന ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്. എന്നാൽ ആരോപണങ്ങൾ അക്കോയിജാം നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചു. ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് പിന്നാലെയായിരുന്നു മഹിളാ മോർച്ച പ്രവർത്തകരുടെ എ.ഐ.സി.സി മാർച്ച്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലെ കോൺഗ്രസിന്റെ കപടമുഖം തുറന്നുകാട്ടുമെന്നും എം.പിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മഹിളാ മോർച്ച ദേശീയ പ്രസിഡന്റ് രൂപ കുമാരി ചൗധരിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എ.ഐ.സി.സി ആസ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ മാർച്ചിനെ പ്രതിരോധിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. എം.പിയെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മഹിളാ മോർച്ച നേതാക്കൾ മുന്നറിയിപ്പ് നൽകി.

BJP Steps Up Protests Against Congress Over MP Bimol Akoijam’s Expulsion from JNU; Clashes at AICC Headquarters

More Stories from this section

family-dental
witywide