യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ഞായറാഴ്ച ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിനുള്ളിലെ ലിഥിയം ബാറ്ററികളുടെ സുരക്ഷാ ഭീഷണി വീണ്ടും ചർച്ചയാകുന്നതിനിടെയാണ് സംഭവം. ക്യാബിൻ ജീവനക്കാർ തീ അണച്ചതിനു പിന്നാലെ മുൻകരുതൽ നടപടിയായാണ് പൈലറ്റുമാർ വിമാനം തിരിച്ചുവിട്ടത്. 191 പേർ ഉണ്ടായിരുന്ന 6E 6115 വിമാനം ഉച്ചകഴിഞ്ഞ് 3.15ഓടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറങ്ങി. വിമാനത്തിനുള്ളിലെ സാഹചര്യം ജീവനക്കാർ നിയന്ത്രണവിധേയമാക്കിയെന്നും വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ഇൻഡിഗോ അറിയിച്ചു.
പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കുമായി വിമാനം സർവീസിൽനിന്ന് താൽക്കാലികമായി മാറ്റി. പരിശോധനയിൽ തകരാറുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ സർവീസ് പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. പവർ ബാങ്കുകളിൽ ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടാകുമ്പോൾ തീപിടിത്തത്തിനോ സ്ഫോടനത്തിനോ കാരണമാകാം. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുക, അമിതമായി ചാർജ് ചെയ്യുക, നിർമ്മാണത്തിലെ തകരാറുകൾ എന്നിവ മൂലം ‘തെർമൽ റൺഅവേ’ എന്ന പ്രതിഭാസമുണ്ടാകാമെന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിലൂടെ ബാറ്ററിയുടെ താപനില നിയന്ത്രണാതീതമായി ഉയരും.അമിതമായി ചാർജ് ചെയ്യൽ, സമ്മർദം മൂലം ബാറ്ററിക്ക് കേടുപാടുണ്ടാകൽ, ആന്തരിക ഷോർട്ട് സർക്യൂട്ട്, പഴക്കം, തെറ്റായ കൈകാര്യം ചെയ്യൽ എന്നിവയും തീപിടിത്തത്തിന് കാരണമാകാമെന്ന് 2025 നവംബർ 11ലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശത്തിൽ പറയുന്നു.
അതേസമയം, ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചാൽ അണയ്ക്കാൻ പ്രയാസമായേക്കാം. ഓവർഹെഡ് ബിന്നുകളിലോ ബാഗുകൾക്കുള്ളിലോ സൂക്ഷിക്കുന്ന ഉപകരണങ്ങളിലെ പുകയും തീയും സമയത്ത് തിരിച്ചറിയുന്നതും ബുദ്ധിമുട്ടാണ്. അതിനാൽ, ഇത്തരം സാഹചര്യങ്ങൾ നേരിടാൻ ക്യാബിൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും അഗ്നിശമന ഉപകരണങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കണമെന്നും ഡിജിസിഎ നിർദേശിച്ചിട്ടുണ്ട്. പവർ ബാങ്കുകൾക്ക് തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അന്താരാഷ്ട്ര തലത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. 2026 മാർച്ച് 27 മുതൽ പ്രാബല്യത്തിൽ വന്ന അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) പുതിയ ചട്ടപ്രകാരം യാത്രക്കാർക്ക് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ കൊണ്ടുപോകാനാകൂ. വിമാനയാത്രയ്ക്കിടെ ഇവ ചാർജ് ചെയ്യുന്നതിനും വിലക്കുണ്ട്.
ഇന്ത്യയിൽ ചെക്ക്-ഇൻ ബാഗേജിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് നേരത്തേ തന്നെ വിലക്കുണ്ട്. ക്യാബിൻ ബാഗേജിൽ മാത്രമാണ് ഇവ അനുവദിച്ചിരുന്നത്. എന്നാൽ, 2025 നവംബർ 11ലെ നിർദേശപ്രകാരം വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തി. വിമാനത്തിലെ യുഎസ്ബി പോർട്ട് ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും പവർ ബാങ്കുകൾ ഉപയോഗിക്കരുത്. 100 വാട്ട്-അവറിൽ താഴെ ശേഷിയുള്ള പവർ ബാങ്കുകൾ പ്രത്യേക അനുമതിയില്ലാതെ കൊണ്ടുപോകാം. 100 മുതൽ 160 വാട്ട്-അവർ വരെ ശേഷിയുള്ളവയ്ക്ക് വിമാനക്കമ്പനിയുടെ അനുമതി ആവശ്യമാണ്. ഇവ യാത്രക്കാരന് എളുപ്പത്തിൽ കൈയെത്താവുന്ന സീറ്റിന്റെ പോക്കറ്റിലോ സീറ്റിനടിയിലോ സൂക്ഷിക്കണം. ഓവർഹെഡ് ബിന്നുകളിൽ പവർ ബാങ്കുകൾ സൂക്ഷിക്കാൻ പാടില്ല.
പവർ ബാങ്കുകളും അധിക ലിഥിയം ബാറ്ററികളും യാത്രക്കാരന്റെ കൈയെത്താവുന്ന സ്ഥലത്ത് സൂക്ഷിക്കണമെന്ന് ഇൻഡിഗോയുടെ ചട്ടങ്ങളും വ്യക്തമാക്കുന്നു. എയർ ഇന്ത്യയും ഓവർഹെഡ് ബിന്നുകളിൽ ഇവ സൂക്ഷിക്കുന്നത് വിലക്കിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാൻ അധിക ബാറ്ററികൾ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. കേടുപാടുകളുള്ള ബാറ്ററികൾ വിമാനത്തിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ലോഹവസ്തുക്കളുമായി സമ്പർക്കം വരാത്തവിധം ബാറ്ററിയുടെ അറ്റങ്ങൾ സംരക്ഷിക്കുകയും വേണം. ഏതെങ്കിലും ഉപകരണം അസാധാരണമായി ചൂടാകുകയോ പുകയോ വിചിത്രമായ ഗന്ധമോ ഉണ്ടാകുകയോ ചെയ്താൽ ഉടൻ ക്യാബിൻ ജീവനക്കാരെ അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.
Chennai-bound IndiGo flight diverted after passenger’s power bank catches fire













