‘വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായി’, കേസെടുക്കാനുള്ള ഇഡിയുടെ നീക്കത്തിന് മറുടിയുമായി പിണറായി, ‘അച്ചിൽ വാർത്ത നിരത്തിയിട്ട് കാര്യമില്ല’

ആലപ്പുഴ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിൽ തനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് നാളുകളേറെയായെന്നും തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എവിടെയും എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തിൽ തന്നെ പഴിചാരുക എന്നത് മാത്രമാണ് ഇ.ഡി ലക്ഷ്യമിടുന്നത്. എന്നാൽ അതിന് തക്കതായ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ തങ്ങളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ യജമാനന്മാർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യവേ പിണറായി വിജയൻ വ്യക്തമാക്കി.

ഇ.ഡിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മകൾ വീണയുടെ തൊഴിൽ പശ്ചാത്തലവും വിശദീകരിച്ചു. പഠനം കഴിഞ്ഞ് പ്രമുഖ സ്ഥാപനമായ ഒറാക്കിളിലാണ് വീണ ജോലി ചെയ്തിരുന്നത്. വിവാഹശേഷം ആ ജോലി ഉപേക്ഷിച്ചാണ് സ്വന്തം നിലയ്ക്ക് സ്ഥാപനം തുടങ്ങുന്നത്. പ്രമുഖ കമ്പനിയായ സി.എം.ആർ.എല്ലിന് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചതെന്നും അതിനുള്ള എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും രേഖകൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കുവേണ്ടി വീണ പണം വാങ്ങിയെന്നും ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോൾ ഇ.ഡി കണ്ടെത്തിയിരിക്കുന്നതെന്ന് പറയുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങൾ ഇ.ഡിയെപ്പോലുള്ള ഒരു ഏജൻസി ഉന്നയിക്കുമ്പോൾ ‘പിണറായി വിജയൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി’ എന്ന് വലിയ അക്ഷരങ്ങളിൽ വാർത്തകൾ നിരത്തുകയാണ് ഇവിടെ ചില മാധ്യമങ്ങൾ ചെയ്യുന്നത്.

ഇത്തരത്തിൽ വലിയ അച്ചിൽ വാർത്ത നൽകിയത് കൊണ്ടു മാത്രം ജനങ്ങൾ അത് വിശ്വസിക്കില്ലെന്ന് മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല തന്റെ ജീവിതമെന്നും അത് ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Pinarayi Vijayan Responds to ED Allegations, Says His Life is an Open Book Before Public

More Stories from this section

family-dental
witywide