ഡൽഹി: എക്സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന ഇ.ഡി നിർദേശത്തിൽ സതീശൻ സർക്കാരിന് മുന്നറിയിപ്പുമായി സി.പി.എം പൊളിറ്റ് ബ്യൂറോ. ഇ.ഡിയുടെ ഏജന്റായി പ്രവർത്തിക്കരുതെന്ന് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് സർക്കാരിനോട് വ്യക്തമാക്കിയ പി.ബി, ഇ.ഡി നടപടിയെ ശക്തമായി അപലപിച്ചു. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാൻ മോദി സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണിതെന്നും ടി. വീണയ്ക്കെതിരെയുള്ള അന്വേഷണം പിണറായി വിജയനെ ലക്ഷ്യമിടാനുള്ള മറ മാത്രമാണെന്നും പി.ബി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.
ഇ.ഡി നടപടിയെ പിന്തുണച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റിന്റെ നിലപാടിലൂടെ കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് വെളിവാകുന്നതെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള സ്വന്തം നേതാക്കൾക്കെതിരായ ഇ.ഡി നടപടികളെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.എൽ.എ നൽകിയ ഹർജി വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിക്കളഞ്ഞതാണ്. ആ കേസ് തന്നെയാണ് ഇപ്പോൾ വീണ്ടും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ പകപോക്കലിനെ സർവ്വ ശക്തിയുമുപയോഗിച്ച് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും സി.പി.എം പി.ബി വ്യക്തമാക്കി.
സി.പി.എമ്മിനെ ഭയപ്പെടുത്താനോ പിണറായി വിജയനെ ലക്ഷ്യംവെക്കാനോ ആണ് ഇ.ഡി ശ്രമിക്കുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി എക്സിൽ കുറിച്ചു. മൂന്ന് കോടതികൾ തള്ളിക്കളഞ്ഞ അതേ കേസിലാണ് പിണറായി വിജയനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കേരള പോലീസിനെ ഇ.ഡി നിർബന്ധിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കൽ താല്പര്യങ്ങൾ കേരളത്തിലെ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്ന പ്രതീക്ഷയിലാണ് അവരെന്നും കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന ഇതിന് തെളിവാണ്.
കേരളത്തിൽ ആരൊക്കെ തമ്മിലാണ് ഡീൽ എന്ന് ദിവസം കഴിയുന്തോറും വ്യക്തമാകുകയാണെന്നും എം.എ. ബേബി ആരോപിച്ചു. ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള ഈ ദുഷ്ടലാക്കുകളെ നിയമപരമായും രാഷ്ട്രീയമായും സി.പി.എം പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CPM Politburo Warns Satheesan Govt Against Acting on ED Letter to Register Case Against Pinarayi Vijayan












