
ബീജിങ്: തായ്‌വാൻ ചൈനയിൽ നിന്ന് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ബീജിങ്ങിൽ നടത്തിയ രണ്ടുദിവസത്തെ ഉച്ചകോടിക്ക് ശേഷം ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
അമേരിക്കയുടെ പിന്തുണയുണ്ടെന്ന പേരിൽ ആരും പെട്ടെന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, തായ്‌വാൻ ഇതിനകം തന്നെ ഒരു പരമാധികാര രാഷ്ട്രമാണെന്നും അതിനാൽ പ്രത്യേകം സ്വാതന്ത്ര്യ പ്രഖ്യാപനം ആവശ്യമില്ലെന്നുമാണ് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിങ്-തേയുടെ നിലപാട്. എന്നാൽ തായ്‌വാനെ സ്വന്തം പ്രദേശമായി കരുതുന്ന ചൈന, ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ അത് പിടിച്ചെടുക്കുമെന്ന നിലപാടിലാണ്.
തായ്‌വാൻ വിഷയം ചൈന-യുഎസ് ബന്ധത്തിലെ ഏറ്റവും നിർണായകമായ കാര്യമാണെന്നും, ഇതിൽ വീഴ്ച വരുത്തിയാൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും ഷി ജിൻപിങ് ഉച്ചകോടിയിൽ മുന്നറിയിപ്പ് നൽകി. തായ്‌വാന് പ്രതിരോധ സാമഗ്രികൾ നൽകാൻ നിയമപരമായി ബാധ്യസ്ഥരാണെങ്കിലും, തായ്‌വാൻ്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ പിന്തുണയ്ക്കില്ലെന്നതാണ് വാഷിംഗ്ടണിൻ്റെ ഔദ്യോഗിക നയം. മേഖലയിൽ ഒരു യുദ്ധത്തിന് താല്പര്യമില്ലെന്നും ഇരുപക്ഷവും ശാന്തമാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. തായ്‌വാനെ അമേരിക്ക സൈനികമായി സംരക്ഷിക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ലെങ്കിലും, ചൈന യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണ് കരുതുന്നതെന്ന് ട്രംപ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിലുള്ള യുഎസ് നയത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചു. “ഒരു യുദ്ധം ചെയ്യാൻ നമ്മൾ 9,500 മൈൽ (15,289 കിലോമീറ്റർ) യാത്ര ചെയ്യേണ്ടതുണ്ട്. ഞാൻ അത് ആഗ്രഹിക്കുന്നില്ല. അവർ ശാന്തരാകാൻ ഞാൻ ആഗ്രഹിക്കുന്നു. ചൈന ശാന്തമാകാൻ ഞാൻ ആഗ്രഹിക്കുന്നു.”ആ ദ്വീപിനെക്കുറിച്ച് ഷിക്ക് “വളരെ ശക്തമായ വികാരമുണ്ട്” എന്നും ഒരു “സ്വാതന്ത്ര്യ പ്രഖ്യാപനം കാണാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല” എന്നും ട്രംപ് പറഞ്ഞു.
തായ്‌വാന് 11 ബില്യൺ ഡോളറിൻ്റെ അത്യാധുനിക ആയുധങ്ങൾ വിൽക്കാനുള്ള കരാറുമായി യുഎസ് മുന്നോട്ട് പോകുന്നത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ കരാറിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് തായ്‌വാൻ ഭരണാധികാരിയുമായി സംസാരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയും തായ്‌വാനും തമ്മിൽ ഔദ്യോഗിക നയതന്ത്രബന്ധമില്ലെങ്കിലും അനൗദ്യോഗികമായ ശക്തമായ ബന്ധം നിലവിലുണ്ട്. ചൈനയുമായി ലയിക്കാനോ പൂർണ്ണ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനോ ആഗ്രഹിക്കാതെ നിലവിലെ സ്ഥിതി തുടരുന്നതിനാണ് ഭൂരിഭാഗം തായ്‌വാൻ ജനതയും താല്പര്യപ്പെടുന്നത്.
Taiwan must withdraw its declaration of independence; Trump warns after meeting with Xi Jinping















