നടി തൃഷയ്‌ക്കെതിരായ ദ്വയാർത്ഥ പരാമർശത്തിൽ അറസ്റ്റിലായ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടിൽ തമിഴ്‌നാട് സർക്കാർ. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാൻ തയ്യാറാണെന്ന സർക്കാർ നിലപാട് രേഖപ്പെടുത്തിയ കോടതി, ഉദയനിധിയെ ഇന്ന് തന്നെ വിട്ടയക്കാൻ ഉത്തരവിട്ടു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തു.
അതേസമയം, താൻ ആർക്കെതിരെയും മോശം പരാമർശം നടത്തിയിട്ടില്ലെന്നും നടൻ വിജയ്‌യെയും തൃഷയെയും കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നുമാണ് ഉദയനിധിയുടെ പ്രതികരണം. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നാണ് തഞ്ചാവൂർ പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് 12 മണി വരെ നടപടികൾ പാടില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിർദേശം മറികടന്നാണ് പോലീസ് തിടുക്കത്തിൽ നടപടിയെടുത്തതെന്ന് ആരോപണമുണ്ട്.
നാളെ ബജറ്റ് സമ്മേളനം ചേരാനിരിക്കെ ഉദയനിധിയെ നിയമസഭയിൽ നിന്ന് മാറ്റിനിർത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ഡിഎംകെ ആരോപിച്ചു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വാനിൽ കയറ്റി തഞ്ചാവൂരിലേക്ക് കൊണ്ടുപോയ പോലീസിനെ തടയാൻ ഡിഎംകെ പ്രവർത്തകർ ശ്രമിച്ചിരുന്നു. ഉദയനിധിക്കെതിരെ ടിവികെ വനിതാ വിഭാഗവും വിജയ് സർക്കാരിനെതിരെ ഡിഎംകെ പ്രവർത്തകരും സംസ്ഥാന വ്യാപകമായി തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്.
Tamil Nadu Government To Release Udayanidhi Stalin, Tells Court No Remand Needed











