
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് രാജിവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം രാജിവെച്ചത്. പെരമ്പൂർ മണ്ഡലമാണ് വിജയ് നിലനിർത്തുന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റിൽ നിന്ന് രാജിവെക്കുന്നതായി ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് അദ്ദേഹം കത്ത് നൽകി.
തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർഥി എസ്. ഇനിഗോ ഇരുദയരാജിനെ പരാജയപ്പെടുത്തിയാണ് വിജയ് വിജയിച്ചത്. 91,381 വോട്ടുകൾ നേടിയ അദ്ദേഹം കാൽലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ് മണ്ഡലം സ്വന്തമാക്കിയത്.
പെരമ്പൂരിൽ ആർ.ഡി. ശേഖറിനെതിരെയും വിജയ് വലിയ വിജയം നേടി. അവിടെ വിജയ് 1,20,365 വോട്ടുകൾ നേടിയപ്പോൾ എതിരാളിക്ക് ലഭിച്ചത് 66,650 വോട്ടുകളായിരുന്നു.
വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങൾ ഉൾപ്പെടെ 108 സീറ്റുകളാണ് ടിവികെ നേടിയത്. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷമായ 118 സീറ്റിലെത്താൻ പാർട്ടിക്ക് കൂട്ടുകക്ഷികളുടെ പിന്തുണ ആവശ്യമാവുകയായിരുന്നു. ഒടുവിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്.
വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ടിവികെയുടെ സ്ഥാനാർഥിയായി ആരെത്തുമെന്നത് ഇതുവരെ വ്യക്തമല്ല. സഖ്യകക്ഷികളിൽ ഏതെങ്കിലും പാർട്ടിക്ക് സീറ്റ് നൽകുമോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനിടെ നടി തൃഷ ടിവികെയിൽ ചേരുകയും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ നിന്ന് മത്സരിക്കാനുമുള്ള സാധ്യതകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പാർട്ടി നേതൃത്വത്തിന് ഇതിനോട് അനുകൂല സമീപനമാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ തൃഷ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.












