
വി ഡി സവർക്കറെ പുകഴ്ത്തിയും ചരിത്രവസ്തുതകൾക്ക് നിരക്കാത്ത വിധത്തിലും വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കാസർകോട് പള്ളത്തുടക്ക സ്കൂൾ അധ്യാപകനായ ഗുരു പ്രസാദിനെതിരെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് നടപടിയെടുത്തത്. സ്കൂളുകളിൽ നടത്തിയ ക്വിസ് മത്സരത്തിനുള്ള ചോദ്യപേപ്പർ തയാറാക്കുന്നതിന് നേതൃത്വം നൽകിയത് ഗുരു പ്രസാദായിരുന്നു.
കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എൽ.പി സ്കൂളുകളിൽ ഓഗസ്റ്റ് ആറിന് സംഘടിപ്പിച്ച ‘ഫ്രീഡം ക്വിസ്’ മത്സരത്തിലാണ് വിവാദപരമായ ചോദ്യം ഉൾപ്പെടുത്തിയത്. ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരാണെന്നായിരുന്നു ചോദ്യം. ഇതിന്റെ ഉത്തരസൂചികയിൽ വി.ഡി. സവർക്കറുടെ പേരാണ് നൽകിയിരുന്നത്. ചരിത്രപരമായ പിൻബലമില്ലാത്തതും വിദ്യാർത്ഥികളിൽ തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യത്തിനെതിരെ വിവിധ വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
സംഭവം വിവാദമായതോടെ പൊതുവിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോടും ബന്ധപ്പെട്ട എ.ഇ.ഒമാരോടും ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകനോടും അടിയന്തര വിശദീകരണം തേടുകയായിരുന്നു. അന്വേഷണത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
Teacher Suspended for Praising Savarkar in School Quiz; Action Follows Education Minister’s Directive












