ടെക്സസ് ഇമിഗ്രേഷൻ സെൻ്റർ ആക്രമണം: ആൻ്റിഫ ബന്ധമുള്ള എട്ട് പേർക്ക് 450 വർഷം തടവ്; നേതാവിന് 100 വർഷം ശിക്ഷ

വാഷിംഗ്ടൺ: യു.എസിലെ ടെക്സസിലുള്ള ഇമിഗ്രേഷൻ ഡിറ്റൻഷൻ സെൻ്ററിന് നേരെ നടന്ന അക്രമത്തിൽ ‘ആൻ്റിഫ’ സംഘടനയുമായി ബന്ധമുള്ള എട്ട് പ്രതികൾക്ക് ഫെഡറൽ കോടതി മൊത്തം 450 വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ വധശ്രമക്കുറ്റം ഉൾപ്പെടെ ചുമത്തപ്പെട്ട നോർത്ത് ടെക്സസ് ആൻ്റിഫ സെൽ നേതാവും മുൻ യു.എസ് മറൈൻ കോർപ്സ് റിസർവിസ്റ്റുമായ ബെഞ്ചമിൻ ഹാനിൽ സോംഗിന് 100 വർഷം തടവാണ് യു.എസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് വിധിച്ചത്.

മറ്റ് പ്രതികൾക്ക് 30 മുതൽ 70 വർഷം വരെ നീളുന്ന കഠിന തടവാണ് കോടതി നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡാലസിന് തെക്കുള്ള അൽവാരഡോയിലെ പ്രെയറിലാൻഡ് ഡിറ്റൻഷൻ സെൻ്ററിന് പുറത്ത് നടന്ന പ്രതിഷേധമാണ് വലിയ അക്രമത്തിൽ കലാശിച്ചത്.

യു.എസ് പ്രോസിക്യൂട്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച്, കറുത്ത വസ്ത്രങ്ങളും ബോഡി ആർമറുകളും ധരിച്ചെത്തിയ സംഘം കനത്ത ആയുധങ്ങളുമായാണ് ആക്രമണം നടത്തിയത്. പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച സംഘം, കാവൽപ്പുരകളും വാഹനങ്ങളും തകർത്തു. തുടർന്നുണ്ടായ വെടിവെപ്പിൽ അൽവാരഡോ പൊലീസ് ഓഫീസറായ തോമസ് ഗ്രോസിന് കഴുത്തിൽ ഗുരുതരമായി വെടിയേറ്റു. കലാപം സൃഷ്ടിക്കൽ, സ്ഫോടകവസ്തുക്കളുടെ ഉപയോഗം, ഭീകരവാദികൾക്ക് ഭൗതിക സഹായം നൽകൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികളെ ശിക്ഷിച്ചത്.

കേസിൽ വധശ്രമക്കുറ്റം ഉൾപ്പെടെ ചുമത്തപ്പെട്ട നോർത്ത് ടെക്സസ് ആന്റിഫ സെൽ നേതാവ് ബെഞ്ചമിൻ ഹാനിൽ സോംഗിന് 100 വർഷവും, മരിസെല റുഡയ്ക്ക് 70 വർഷവും കോടതി തടവുശിക്ഷ വിധിച്ചു. ആന്റണി പ്രിസ്കോ കോൺട്രേറാസ്, സാവന്ന ബാറ്റൻ, സക്കറി എവെറ്റ്സ്, ബ്രാഡ്ഫോർഡ് മോറിസ്, എലിസബത്ത് സോറ്റോ എന്നിവർക്ക് 50 വർഷം വീതവും, ഡാനിയേൽ റൊണാൾഡോ സാഞ്ചസ്-എസ്ത്രാഡയ്ക്ക് 30 വർഷവും കഠിനതടവാണ് ലഭിച്ചത്.

വിമർശനവുമായി കുടുംബങ്ങളും മനുഷ്യാവകാശ പ്രവർത്തകരും

കോടതി വിധി അങ്ങേയറ്റം ക്രൂരവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രതികളുടെ കുടുംബങ്ങളും അനുകൂലികളും ആരോപിച്ചു. തടവിലാക്കപ്പെട്ട കുടിയേറ്റക്കാരെ പിന്തുണയ്ക്കാൻ മാത്രമാണ് തങ്ങൾ എത്തിയതെന്നും സമാധാനപരമായ ‘ശബ്ദ പ്രതിഷേധം’ മാത്രമാണ് ലക്ഷ്യമിട്ടതെന്നും പ്രതികൾ കോടതിയിൽ വാദിച്ചു. ഒരു പ്രതിഷേധക്കാരനെ പൊലീസ് വെടിവെക്കാൻ ഒരുങ്ങുന്നുവെന്ന് ഭയന്നാണ് താൻ തിരിച്ചു വെടിവെച്ചതെന്നാണ് ബെഞ്ചമിൻ സോംഗ് വ്യക്തമാക്കിയത്. എന്നാൽ നിയമപാലകരെയും ഫെഡറൽ സംവിധാനങ്ങളെയും ആക്രമിക്കുന്ന ഭീകരവാദികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ആക്ടിംഗ് യു.എസ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെ വ്യക്തമാക്കി.

കേസിലെ ഒൻപതാം പ്രതിയായ ഇനെസ് സോറ്റോയ്ക്കും, കുറ്റം സമ്മതിച്ച മറ്റ് ഏഴ് പേർക്കുമുള്ള ശിക്ഷാവിധി ജൂലൈ ഒന്നിന് കോടതി പ്രഖ്യാപിക്കും.

Texas immigration center attack: Eight people with Antifa ties sentenced to 450 years in prison; leader gets 100 years

More Stories from this section

family-dental
witywide