മോദി രാജ്യത്തിന് അപമാനമാണെന്നും ഡൽഹിയിൽ നടക്കുന്നത് അടിയന്തരാവസ്ഥയെയും മറികടന്നുള്ള പോലീസ് രാജാണെന്നും കോക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി.) വക്താവ് അശുതഷ് റാങ്ക ആരോപിച്ചു. ജയിൽ മോചിതരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സി.ജെ.പി. നേതാക്കൾ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതറ്റെയും പോകുമെന്ന് വ്യക്തമാണെന്നും, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമായി തുടരുമെന്നും റാങ്ക വ്യക്തമാക്കി. ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്നും സി.ജെ.പി. കുറ്റപ്പെടുത്തി.
തങ്ങളെ വിമാനത്തിൽനിന്ന് തട്ടിക്കൊണ്ടുപോയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും, അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ച വിവരം അറിയിച്ചപ്പോൾ പോലും പോലീസ് ക്രൂരമായി പെരുമാറിയെന്നും നേതാക്കൾ ആരോപിച്ചു. ക്യാമറയും മൈക്കും ഓൺ ചെയ്തു വെക്കുകയും മാതാപിതാക്കളോട് സംസാരിക്കാൻ പോലും അനുവദിക്കാതിരിക്കുകയും ചെയ്തത് മനുഷ്യത്വരഹിതമാണ്. കേന്ദ്ര സർക്കാർ ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും, പ്രതിഷേധക്കാർക്കെതിരായ ഈ നടപടികളും കസ്റ്റഡിയിലുള്ളവരോടുള്ള സമീപനവും കടുത്ത ആശങ്ക ഉളവാക്കുന്നതാണെന്നും സി.ജെ.പി. വക്താക്കൾ ചൂണ്ടിക്കാണിച്ചു.
ആരാധനാലയങ്ങൾക്കെതിരെയും പോലീസ് തിരിഞ്ഞുവെന്നും കേന്ദ്രസർക്കാർ സിഖ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും സി.ജെ.പി. വക്താവ് സൗരവ് ദാസ് ആരോപിച്ചു. യഥാർത്ഥ ദേശവിരുദ്ധനായ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, ഈ സർക്കാരിന്റെ അവസാനം അടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ ഫോണുകൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തത് ഡൽഹി പോലീസ് ഹാക്ക് ചെയ്തിട്ടുണ്ടാകാം സംശയമുണ്ടെന്നും അവർ തുറന്നടിച്ചു.
സമാധാനപരമായി പ്രതിഷേധിക്കുന്നവരെ പോലും കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് രാജ്യത്ത് ഏകാധിപത്യമാണ് നടപ്പാക്കുന്നതെന്ന് നേതാക്കൾ വിമർശിച്ചു. ഗ്യാനേഷിനെതിരെയുള്ള ഈ പോരാട്ടത്തെ കേന്ദ്രം ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമാക്കി മാറ്റിയെന്നും, ജയിൽ മോചിതരായ ശേഷം തുടർ സമരപരിപാടികൾക്കായി പുതിയ രൂപരേഖ തയ്യാറാക്കുമെന്നും സി.ജെ.പി. വക്താക്കൾ വ്യക്തമാക്കി.









