
തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്നും മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങളിൽ ഖേദപ്രകടനം നടത്തിയ മന്ത്രി, പ്രതിസന്ധി മറികടക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ഇത് ആരുടെയും അനാസ്ഥയോ വീഴ്ചയോ കൊണ്ടല്ല സംഭവിച്ചതെന്നും പ്രതികൂല കാലാവസ്ഥയാണ് കാരണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വിച്ചിട്ടതുപോലെ ഒറ്റയടിക്ക് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇതെന്നും മഴ ലഭ്യതയെക്കൂടി ആശ്രയിച്ചാണ് പൂർണ്ണമായ പരിഹാരമെന്നും അദ്ദേഹം വ്യക്തമാക്കി.
പകൽ സമയത്തും രാത്രിയിലുമുള്ള വൈദ്യുതി ലഭ്യതയും ഉപയോഗവും തമ്മിലുള്ള വലിയ അന്തരമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഒരു യൂണിറ്റിന് 10 മുതൽ 16 രൂപ വരെ നൽകാൻ തയ്യാറായാൽ പോലും രാത്രികാലങ്ങളിൽ വിപണിയിൽ വൈദ്യുതി ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. മുൻകൂട്ടിയുള്ള കരാറുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കായംകുളം എൻ.ടി.പി.സി വഴി വൈദ്യുതി ലഭ്യത വർധിപ്പിക്കാനും ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ നടപ്പിലാക്കാനും ബോർഡ് ശ്രമിക്കുന്നുണ്ട്. വൈദ്യുതി മുടങ്ങുന്ന സമയം നൂറ് ശതമാനം കൃത്യമായി പറയാൻ കഴിയില്ലെങ്കിലും പരമാവധി മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മഴ കുറയുകയും ചൂട് വർധിക്കുകയും ചെയ്തതോടെ ഉത്പാദനം ഇടിയുകയും ഉപഭോഗം വൻതോതിൽ ഉയരുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസത്തെ ശരാശരി ആവശ്യം 3794 മെഗാവാട്ട് ആയിരുന്നെങ്കിൽ ഇന്നലെയത് 5200 മെഗാവാട്ടായി ഉയർന്നതാണ് 700 മുതൽ 900 മെഗാവാട്ട് വരെയുള്ള കുറവുണ്ടാക്കിയത്. നിലവിൽ 1650 മെഗാവാട്ട് മാത്രമാണ് സംസ്ഥാനത്ത് സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. ബാക്കി കേന്ദ്ര വിഹിതവും ദീർഘകാല, ഹ്രസ്വകാല കരാറുകളും വഴിയാണ് കണ്ടെത്തുന്നത്. കേരളത്തിന് 700 മെഗാവാട്ട് വരെ വൈദ്യുതി കുറവുണ്ടാകുമെന്ന് ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ കത്തയച്ചിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി റീജണൽ ലോഡ് ഡിസ്പാച്ചിങ് സെന്ററിന്റെ നിർദ്ദേശപ്രകാരമാണ് വിതരണം ക്രമീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആന്ധ്രപ്രദേശ് ആവശ്യത്തിന്റെ 86 ശതമാനവും തെലങ്കാന 67 ശതമാനവും കർണാടക 60 ശതമാനവും തമിഴ്‌നാട് 50 ശതമാനവും സ്വയം ഉത്പാദിപ്പിക്കുമ്പോൾ കേരളത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാൻ സാധിക്കുന്നത് 25 ശതമാനത്തോളം മാത്രമാണ്. ബാക്കി 75 ശതമാനത്തോളം വൈദ്യുതിക്കായി കേന്ദ്ര ഏജൻസികളെയോ മറ്റ് പവർ പ്ലാന്റുകളെയോ ആണ് കേരളം ആശ്രയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
No Miracle Cure for Power Crisis, Express Regrets Over Public Inconvenience: Electricity Minister Sunny Joseph











