സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരും; ഒക്ടോബറോടെ പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുത പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി. രാജമാണിക്യം ആവശ്യപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാരിനോ ബോർഡിനോ യാതൊരു ആഗ്രഹവുമില്ലെന്നും എന്നാൽ നിലവിലെ അടിയന്തര സാഹചര്യം മറികടക്കാൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നും കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വൈകുന്നേരം ഏഴു മണിക്ക് അനുഭവപ്പെടുന്ന അതേ ഉയർന്ന ഡിമാൻഡ് തന്നെയാണ് പുലർച്ചെ ഒരു മണിക്കും രേഖപ്പെടുത്തുന്നത്. കടുത്ത ചൂട് കാരണം രാത്രി വൈകിയും വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കാര്യം ബോർഡും സർക്കാരും ഉൾക്കൊള്ളുന്നുണ്ട്. അസൗകര്യങ്ങൾ ഒഴിവാക്കാൻ വൈദ്യുതി നിയന്ത്രണം എപ്പോഴൊക്കെയെന്ന് മുൻകൂട്ടി അറിയിക്കാനുള്ള പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ചൂട് കൂടുമ്പോൾ എസികളുടെ ഉപയോഗം ഉയരുന്നത് വൈദ്യുതി ലോഡ് വലിയ തോതിൽ വർധിപ്പിക്കുന്നുണ്ട്. അതിനാൽ രാത്രി ഉറങ്ങുന്നതിന് അരമണിക്കൂറോ ഒരു മണിക്കൂറോ മുൻപ് മാത്രം എസി പ്രവർത്തിപ്പിച്ച് മുറി തണുപ്പിച്ച ശേഷം ഓഫ് ചെയ്യുന്ന രീതിയിലുള്ള സ്വയം നിയന്ത്രണം എല്ലാവരും പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം മറികടക്കാൻ ജനങ്ങളുടെയും കെ.എസ്.ഇ.ബിയുടെയും ഭാഗത്തുനിന്നുള്ള കൂട്ടായ പരിശ്രമം ആവശ്യമാണ്. സെപ്റ്റംബർ 30 വരെ വൈദ്യുതി ലോഡ് കുറച്ച് സ്വയം നിയന്ത്രണം പാലിക്കുക മാത്രമാണ് നിലവിലുള്ള പ്രധാന പോംവഴിയെന്നും ചെയർമാൻ വ്യക്തമാക്കി.

ഒക്ടോബർ ഒരോടെ സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബറോടെ പുതിയതായി 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. കൂടാതെ സ്വാപ്പ് കരാറുകൾ വഴി ലഭിക്കുന്ന വൈദ്യുതി കൂടി എത്തുന്നതോടെ നിലവിലുള്ള 900 മെഗാവാട്ടിന്റെ കുറവ് നികത്താൻ സാധിക്കും. ഇതോടെ ഒക്ടോബർ, നവംബർ മാസങ്ങളിൽ യാതൊരു തടസ്സവുമില്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്നും സെപ്റ്റംബർ 30 വരെയുള്ള ഘട്ടം തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Power Restrictions in Kerala Till September 30; KSEB Chairman Urges Self-Regulation Amid Crisis

More Stories from this section

family-dental
witywide