തിരുവനന്തപുരം: വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും മന്ത്രിമാരുടെ വകുപ്പുവിഭജനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നു. ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം, ദേവസ്വം തുടങ്ങിയ സുപ്രധാന വകുപ്പുകളെച്ചൊല്ലി കോൺഗ്രസിനുള്ളിലും ഘടകകക്ഷികളായ മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾക്കിടയിലുമാണ് അസ്വാരസ്യങ്ങൾ നിലനിൽക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് വകുപ്പില്ലാ മന്ത്രിമാരെ പങ്കെടിപ്പിച്ചുകൊണ്ട് രണ്ടാം മന്ത്രിസഭായോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നത്.
വകുപ്പുകൾ പ്രഖ്യാപിച്ച് വിജ്ഞാപനം ഇറങ്ങാത്തതിനാൽ മന്ത്രിമാർക്ക് ഔദ്യോഗികമായി ഫയലുകളൊന്നും നോക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഫിഷറീസ് വകുപ്പ് നൽകിയാലേ ഉന്നത വിദ്യാഭ്യാസം വിട്ടുനൽകൂ എന്ന കർശന നിലപാടിലാണ് ലീഗ് നേതൃത്വം. അതേസമയം രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര-വിജിലൻസ് വകുപ്പുകൾ നൽകാൻ ഏകദേശ ധാരണയായിട്ടുണ്ട്. കെ. മുരളീധരൻ പ്രതീക്ഷിച്ചിരുന്ന ദേവസ്വം വകുപ്പ് എ.പി. അനിൽകുമാറിന് നൽകിയേക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചനകൾ. ഷിബു ബേബി ജോണിന് വനം വകുപ്പായിരിക്കുമെന്ന് വാർത്തവന്നതോടെ ആ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിനെ കാണാനെത്തിയിരുന്നു. എന്നാൽ, കാര്യമായ ഇടപെടൽ വകുപ്പിൽ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ പക്കലുള്ള അധിക വകുപ്പുകൾക്കായി കെ.സി. വേണുഗോപാൽ പക്ഷം സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും വി.ഡി. സതീശൻ ഇതിന് വഴങ്ങിയിട്ടില്ല.
വകുപ്പുവിഭജനത്തിന് പുറമേ ഔദ്യോഗിക വസതികൾക്കായും വാഹന നമ്പറുകൾക്കായും മന്ത്രിമാർക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചർച്ചകളും, കഴിഞ്ഞ സർക്കാരിൻ്റെ വിവാദമായ കെ-റെയിൽ വിജ്ഞാപനം റദ്ദാക്കലും ഇന്നത്തെ മന്ത്രിസഭായോഗത്തിൻ്റെ പ്രധാന അജണ്ടകളാണ്. നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗമായ ജി. സുധാകരൻ ഇന്ന് പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്യും. തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് വകുപ്പുകളുടെ കാര്യത്തിൽ ഇന്ന് തന്നെ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
The second cabinet meeting of the UDF cabinet will be held in Thiruvananthapuram today.















