കൊച്ചി: മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർമ്മാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ ബിഷ്ണു മണ്ഡലാണ് പിടിയിലായത്. പൈങ്ങോട്ടൂർ ആയങ്കരയിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു മോഷണം നടന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
വീടിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി എത്തിച്ചിരുന്ന ഇലക്ട്രിക് വയറുകളാണ് പ്രതി മോഷ്ടിച്ചത്. സംഭവ സമയത്ത് വീട്ടുകാരോ തൊഴിലാളികളോ സ്ഥലത്തുണ്ടായിരുന്നില്ല. പ്രതി എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. മോഷണത്തിലൂടെ 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു.
സംഭവം നടന്ന സ്ഥലത്തെത്തി വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധക സംഘവും പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. പിടിയിലായ ബിഷ്ണു മണ്ഡൽ മുൻപും വിവിധ കവർച്ച കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Theft at Mathew Kuzhalnadan’s House: Accused Arrested











