ഹോർമുസിൽ മൂന്ന് കപ്പലുകൾക്ക് നേരെ അജ്ഞാത വസ്തുക്കളുടെ ആക്രമണം

ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ക്രൂഡ് ഓയിൽ ടാങ്കറും എൽഎൻജി ടാങ്കറും ഉൾപ്പെടെ മൂന്ന് കപ്പലുകൾക്ക് അജ്ഞാത പ്രൊജക്ടൈലുകളുടെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു. ചൊവ്വാഴ്ചയാണ് മൂന്ന് കപ്പലുകൾക്കും നേരെ ആക്രമണമുണ്ടായത്. മൂന്ന് കപ്പലുകളും അജ്ഞാത പ്രൊജക്ടൈൽ പതിച്ചതായി ബ്രിട്ടീഷ് മാരിടൈം ഏജൻസി ബുധനാഴ്ച അറിയിച്ചു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഹോർമുസിൽ പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള എണ്ണ, വാതക കയറ്റുമതിയുടെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മധ്യപൂർവദേശത്തെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവച്ച നിർദേശത്തിന് യുഎസ് നൽകിയ ഔദ്യോഗിക മറുപടി ലഭിച്ചതായി ഇറാൻ അധികൃതർ ബുധനാഴ്ച അറിയിച്ചു.

ഇറാന്റെ നിർദേശം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ തള്ളിയിരുന്നു. വെടിനിർത്തലിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഇറാന്റെ നിർദേശത്തിലുണ്ടായിരുന്നു. അതിനിടെ, കടലിടുക്കിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ചെറുകപ്പലുകൾക്ക് നേരെ ആക്രമണം തുടരുകയാണെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു.

സെപ്റ്റംബർ 14ന് ഹോർമുസിൽ യുഎസ് മറൈൻസിന്റെ നിയന്ത്രണത്തിലുള്ള കപ്പലിന് നേരെ ഇറാന്റെ ആന്റി-ഷിപ്പ് ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻബിസി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ആക്രമണസമയത്ത് എട്ട് യുഎസ് നാവികരാണ് കപ്പലിലുണ്ടായിരുന്നത്. പുക ശ്വസിച്ചതിനെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളും തലവേദന ഉൾപ്പെടെയുള്ള മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങളും ചിലർക്ക് അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആർക്കും ഗുരുതരമായി പരിക്കേറ്റില്ലെന്നും എല്ലാവരും പിന്നീട് ഡ്യൂട്ടിയിൽ തിരിച്ചെത്തിയെന്നും അവർ വ്യക്തമാക്കി.

ആക്രമണത്തിനിരയായ കപ്പലിന്റെ പേര് പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇത് യുഎസ് നാവികസേനയുടെ കപ്പലായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 14ലെ ആക്രമണം പെന്റഗൺ അന്ന് പരസ്യമായി അറിയിച്ചിരുന്നില്ല. സംഭവത്തിൽ പ്രതികരിക്കാൻ യുഎസ് സെൻട്രൽ കമാൻഡും തയ്യാറായില്ല.

Three ships, including crude oil and LNG tankers, hit by unknown projectiles in Strait of Hormuz in one day

More Stories from this section

family-dental
witywide