
വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടെ സൗദി അറേബ്യയ്ക്ക് 500 കോടി (5 ബില്യൺ) ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്കൻ ഭരണകൂടം അനുമതി നൽകി. ബോംബുകൾ, ഗൈഡൻസ് കിറ്റുകൾ, മറ്റ് അത്യാധുനിക പ്രതിരോധ ഉപകരണങ്ങൾ എന്നിവയാണ് ഈ കരാറിലൂടെ സൗദിക്ക് ലഭ്യമാക്കുന്നത്. മേഖലയിലെ നിലവിലുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഭീഷണികളെ ചെറുക്കുന്നതിനും, രാജ്യത്തിന്റെ പ്രതിരോധശേഷി ശക്തമാക്കുന്നതിനും ഈ ആയുധ വില്പന സൗദിയെ സഹായിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടാതെ, അമേരിക്കൻ സേനയുമായും മറ്റ് ഗൾഫ് പങ്കാളികളുമായും ചേർന്നുള്ള സംയുക്ത സൈനിക നീക്കങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് വഴിതുറക്കും. നാറ്റോ ഇതര സഖ്യരാജ്യമായ സൗദി അറേബ്യയുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ അമേരിക്കയുടെ വിദേശനയ ലക്ഷ്യങ്ങളും ദേശീയ സുരക്ഷാ താൽപ്പര്യങ്ങളും സംരക്ഷിക്കപ്പെടുമെന്നും യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യത്തോടെ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതുമുതൽ, ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിമതരിൽ നിന്നും ഇറാനിയൻ സേനയിൽ നിന്നും സൗദി അറേബ്യയ്ക്ക് നേരെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുണ്ട്. റിയാദിന് ആയുധങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. യുഎസ് നിയമനിർമ്മാതാക്കളുടെ ഔദ്യോഗിക അംഗീകാരം കൂടി ലഭിച്ച ശേഷമായിരിക്കും അന്തിമ നടപടികൾ പൂർത്തിയാകുക.












