
വാഷിംഗ്ടൺ: യു.എസ് ക്യാപിറ്റോൾ ആക്രമണക്കേസിലെ പ്രതികളുമായി ബന്ധപ്പെട്ട എല്ലാ വാർത്താക്കുറിപ്പുകളും ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്ത് ഡോണൾഡ് ട്രംപിൻ്റെ നീതിന്യായ വകുപ്പ് (DOJ). മുൻ ബൈഡൻ ഭരണകൂടം പ്രസിദ്ധീകരിച്ച ഈ വിവരങ്ങൾ വെറും “രാഷ്ട്രീയ പ്രചാരണം” മാത്രമായിരുന്നു എന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ വിശദീകരണം.
2021 ജനുവരി 6-ന് നടന്ന അട്ടിമറിശ്രമത്തിൻ്റെ ചരിത്രം തിരുത്തിയെഴുതാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. അന്ന് ജോ ബൈഡൻ്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിക്കുന്നത് തടയാനായി ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ മന്ദിരം ആക്രമിക്കുകയായിരുന്നു.
2025 ജനുവരിയിൽ ട്രംപ് വീണ്ടും പ്രസിഡൻ്റായി അധികാരമേറ്റ ആദ്യ ദിവസം തന്നെ, ഈ കേസിൽ പ്രതികളായ 1,500-ലധികം ആളുകൾക്ക് പൂർണ്ണ മാപ്പോ ശിക്ഷാ ഇളവോ പ്രഖ്യാപിച്ചിരുന്നു. പൊലീസുകാരെ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചവരും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ്, വേട്ടയാടപ്പെട്ടു എന്ന് കരുതുന്ന ട്രംപ് അനുകൂലികൾക്ക് നഷ്ടപരിഹാരം നൽകാനായി 1.776 ബില്യൺ ഡോളറിൻ്റെ പ്രത്യേക ഫണ്ട് നീതിന്യായ വകുപ്പ് പ്രഖ്യാപിച്ചത്. അക്രമം കാട്ടിയ പ്രതികൾക്കും ഈ ഫണ്ടിൽ നിന്ന് പണം ലഭിച്ചേക്കാമെന്ന സൂചന യു.എസ് കോൺഗ്രസിൽ വലിയ രാഷ്ട്രീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വെബ്‌സൈറ്റിൽ നിന്നും വിവരങ്ങൾ രഹസ്യമായി നീക്കം ചെയ്യുകയാണെന്ന മാധ്യമപ്രവർത്തകരുടെ കണ്ടെത്തലിനോട് നീതിന്യായ വകുപ്പ് ശക്തമായാണ് പ്രതികരിച്ചത്. ഇതിൽ ഒളിച്ചുകളി ഒന്നുമില്ലെന്നും, ബൈഡൻ ഭരണകൂടം നീതിന്യായ വകുപ്പിനെ രാഷ്ട്രീയ ആയുധമാക്കിയ നടപടിയെ തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ട്രംപ് ഭരണകൂടത്തിൻ്റെ ‘റാപ്പിഡ് റെസ്‌പോൺസ്’ വിഭാഗം വ്യക്തമാക്കി.
തീവ്ര വലതുപക്ഷ ഗ്രൂപ്പുകളായ പ്രൗഡ് ബോയ്‌സ്, ഓത്ത് കീപ്പേഴ്‌സ് എന്നിവർക്കെതിരെയുള്ള രാജ്യദ്രോഹ ഗൂഢാലോചന കേസുകളുടെ വിവരങ്ങളും വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കാനുള്ള നീതിന്യായ വകുപ്പിൻ്റെ അപേക്ഷയ്ക്ക് കഴിഞ്ഞ ദിവസം ഫെഡറൽ കോടതി അനുമതി നൽകിയിരുന്നു.
Trump Administration removes information on Capitol attack suspects from website















