
പാരീസ്/ഇസ്ലാമാബാദ്: ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവായി അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ ‘ഇസ്ലാമാബാദ് ധാരണാപത്രം’ ഒപ്പുവെച്ചു. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ വേഴ്സായ് കൊട്ടാരത്തിൽ വെച്ചാണ് യുഎസ് പ്രസിഡൻ്റ് കരാറിൽ ഒപ്പുവെച്ചത്. “കരാർ ഒപ്പിട്ടുകഴിഞ്ഞു, വേഴ്സായ്സിൽ വെച്ചാണ് ഞാൻ ഇതിൽ ഒപ്പുവെച്ചത്,” എന്ന് കൊട്ടാരത്തിൽ നിന്നും പുറത്തേക്ക് വരവെ യുഎസ് പ്രസിഡൻ്റ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കരാറിൽ ഒപ്പുവെച്ചതെന്ന് മധ്യസ്ഥനായി പ്രവർത്തിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ഇരു സർക്കാരുകളുടെയും ഉയർന്ന തലത്തിൽ ഈ കരാർ ഒപ്പിട്ടത് സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള ഇരുപക്ഷത്തിൻ്റെയും പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കും; ഉപരോധം പിൻവലിക്കും
ധാരണാപത്രം ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇതിൻ്റെ ആദ്യ പടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് ഉടനടി തുറന്നുനൽകും. പകരം ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം അടിയന്തിരമായി പിൻവലിക്കും. സഹ-മധ്യസ്ഥരായ ഖത്തറിൻ്റെ പിന്തുണയോടെ, കരാറിൻ്റെ ഓർമ്മപ്പെടുത്തലിനായും സാങ്കേതിക തലത്തിലുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുമായി ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഔദ്യോഗിക ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും പാകിസ്ഥാൻ അറിയിച്ചിട്ടുണ്ട്. മേഖലയിൽ ശാശ്വത സമാധാനത്തിനും പുരോഗതിക്കും ഈ കരാർ അടിത്തറയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ
ഇറാൻ പ്രസിഡന്റ് കരാറിൽ ഒപ്പുവെക്കുന്നതിൻ്റെയും, യുഎസ് പ്രസിഡൻ്റുമായുള്ള സംയുക്ത ഒപ്പുകളടങ്ങിയ പേജുകൾ ഉയർത്തിപ്പിടിക്കുന്നതിൻ്റെയും ചിത്രങ്ങൾ ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘ഇർന’ പുറത്തുവിട്ടു. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഇറാനെതിരെ അടിച്ചേൽപ്പിച്ച യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രമാണിതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരാറിലെ പ്രധാന വ്യവസ്ഥകൾ
- ലബനനടക്കം എല്ലാ വിഭാഗങ്ങളും സൈനിക നടപടികൾ അടിയന്തരമായി അവസാനിപ്പിക്കും.
- 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്തണം.
- ഇറാനിലേർപ്പെടുത്തിയ നാവിക വിലക്ക് യുഎസ് 30 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കും. അതുവരെ യുദ്ധത്തിനു മുൻപ് ഇറാനിലേക്കുണ്ടായിരുന്ന ഗതാഗതത്തിന് ആനുപാതികമായ കപ്പലുകൾക്ക് അനുമതി നൽകും.
- ഹോർമുസ് കടലിടുക്ക് തുറക്കും. 60 ദിവസത്തേക്ക് ഹോർമുസിൽ ടോൾ നൽകേണ്ട. പിന്നീട് ഒമാനും മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് ഹോർമുസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിശാലമായ കരാറിൽ ഇറാനെത്തണം.
- ഇറാന്റെ പുനരുദ്ധാരണത്തിനും സാമ്പത്തിക വികസനത്തിനുമായി 30,000 കോടി ഡോളറിന്റെ ഫണ്ട്.
- ഇറാനെതിരെയുള്ള എല്ലാ ഉപരോധങ്ങളും നീക്കും.
- ഇറാൻ ഒരിക്കലും ആണവായുധം വികസിപ്പിക്കില്ല. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഐഎഇഎയുടെ മേൽനോട്ടത്തിൽ മാറ്റും.
Trump and Pesekhiyan sign US-Iran MoU; Pakistan and Qatar mediate, open Strait of Hormuz














