
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടികളിൽ യുഎസ് സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിന്റെ പരാമർശം തിരുത്തി പ്രസ്താവനയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സോഷ്യൽ മീഡിയയിലൂടെയാണ് ട്രംപ് വാണിജ്യ സെക്രട്ടറിയുടെ അവകാശവാദം തള്ളിക്കളഞ്ഞത്. ഇറാനെതിരെയുള്ള പോരാട്ടത്തിനിടെ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ട്രംപ് പരസ്യമായി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് ട്രംപിന്‍റെ നയങ്ങളെ പുകഴ്ത്തി സംസാരിക്കുന്നതിനിടയിൽ ലുട്നിക് വിവാദ പരാമർശം നടത്തിയത്. ഇറാന് മേലുള്ള യുഎസ് നടപടി ഒരു സാമ്പത്തിക ഉപരോധം മാത്രമാണെന്നും ഈ പോരാട്ടത്തിൽ അമേരിക്കൻ സൈനികർ ആരും മരണപ്പെട്ടിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാൽ ഇതിന് മറുപടിയായി, ലുട്നിക് വെനസ്വേലൻ സാഹചര്യത്തെക്കുറിച്ചാകും ചിന്തിച്ചിട്ടുണ്ടാവുകയെന്നും ഇറാനിൽ 18 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, യുഎസ് പെന്റഗണിന്റെ ഔദ്യോഗിക കണക്കുകളും ട്രംപിന്റെ പ്രസ്താവനയും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ജൂലൈ മാസത്തിൽ പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാന്റെ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 14 ആണ്. ജോർദാനിലും ഇറാഖിലുമായി കൊല്ലപ്പെട്ട 4 സൈനികരുടെ പേരുകൾ മുൻപ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇവരെ മാറ്റിനിർത്തുകയായിരുന്നു. ഇതോടെയാണ് പെന്റഗണിന്റെ ഔദ്യോഗിക കണക്കുകളിൽ മരണസംഖ്യ 14 ആയി കുറഞ്ഞത്.
ഇറാനെതിരെയുള്ള വൻ സൈനിക നീക്കങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ട 18 യുഎസ് സൈനികരും ഇറാന്റെ അതിർത്തിക്ക് പുറത്തുവെച്ചാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഇറാന്റെ ഔദ്യോഗിക ഭൂപ്രദേശത്തിനുള്ളിൽ വെച്ച് ഇതുവരെ യുഎസ് സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ട്രംപിന്റെ പുതിയ പ്രസ്താവനയോടെ യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകളിലെ വൈരുദ്ധ്യവും വീണ്ടും ചർച്ചയായിരിക്കുകയാണ്.














