
വാഷിംഗ്ടൺ: ആഗോള ഊർജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന് ബദലായി സിറിയ മുന്നോട്ടുവെച്ച എണ്ണപ്പാത പദ്ധതിയെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പദ്ധതിയെ മികച്ച നീക്കമെന്ന് വിശേഷിപ്പിച്ച ട്രംപ്, ‘ഇത് അതിഗംഭീരമാണ്!’ എന്നും പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്ക-ഇറാൻ സംഘർഷവും ഇന്ധനവിതരണത്തിലെ തടസ്സങ്ങളും മൂലം ഹോർമുസ് കടലിടുക്ക് പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലാണ് സിറിയയുടെ പുതിയ നീക്കം.
ലോകത്തിലെ പ്രധാന എണ്ണവ്യാപാര പാതകളിലൊന്നായ ഹോർമുസിന് ബദലായി മറ്റ് പാതകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളും വിവിധ തലങ്ങളിൽ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയെ യൂറോപ്പുമായി കരമാർഗം ബന്ധിപ്പിക്കുന്ന എണ്ണപ്പാത വികസിപ്പിക്കാനാണ് സിറിയയുടെ നീക്കം. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവേശനസൗകര്യവും ഇതിനായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ദക്ഷിണ ഇറാഖിൽനിന്ന് സിറിയയുടെ മെഡിറ്ററേനിയൻ തുറമുഖമായ ബനിയാസിലേക്ക് നിലവിൽ ഓയിൽ ടാങ്കറുകൾ സർവീസ് നടത്തുന്നുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.
റോഡ് മാർഗമുള്ള എണ്ണക്കടത്തിന് പുറമെ ദക്ഷിണ ഇറാഖിലെ ബസ്രയിൽനിന്ന് സിറിയൻ തുറമുഖമായ ബനിയാസ് വരെ വൻ പൈപ്പ്‌ലൈൻ നിർമിക്കാനും പദ്ധതിയുണ്ട്. ഇതിന് ട്രംപ് ഭരണകൂടം പിന്തുണ നൽകിയിട്ടുണ്ട്. പൈപ്പ്‌ലൈൻ യാഥാർഥ്യമായാൽ പ്രതിദിനം 20 ലക്ഷം ബാരൽ വരെ അസംസ്കൃത എണ്ണ ഇതുവഴി കടത്തിവിടാനാകുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 1,600 കിലോമീറ്റർ നീളമുള്ള പദ്ധതിക്ക് 5.7 ബില്യൺ യുഎസ് ഡോളർ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ നിർമാണം പൂർത്തിയാക്കാൻ കുറഞ്ഞത് രണ്ടര വർഷമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഹോർമുസ് കടലിടുക്കിന് അടിയന്തരമായി പകരമാകാൻ ഈ എണ്ണപ്പാതയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ.














