
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ നിർണ്ണായക പുരോഗതിയുണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാം ഘട്ട ചർച്ചകളെക്കുറിച്ചുള്ള ശുഭവാർത്ത വെള്ളിയാഴ്ചയോടെ പുറത്തുവരുമെന്നാണ് ട്രംപ് നൽകുന്ന സൂചന. പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന നീക്കങ്ങൾ ഫലം കാണുമെന്ന പ്രത്യാശയിലാണ് വൈറ്റ് ഹൗസ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ചർച്ചകൾ പുനരാരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
എന്നാൽ സമാധാന ചർച്ചകളെക്കുറിച്ചുള്ള ട്രംപിന്റെ അവകാശവാദം വെറും കള്ളമാണെന്ന് ഇറാൻ പ്രതികരിച്ചു. വെള്ളിയാഴ്ച ചർച്ചകൾ നടത്താൻ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് വ്യക്തമാക്കി. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ ട്രംപ് വീണ്ടും ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ഇറാന്റെ ആരോപണം. ഇറാൻ പ്രതിനിധികൾ ഔദ്യോഗികമായി ഒരു ഏകീകൃത നിർദ്ദേശം മുന്നോട്ടുവെക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ടെഹ്റാൻ.
പാകിസ്താൻ ഭരണകൂടത്തിന്റെ ശക്തമായ അഭ്യർത്ഥന കണക്കിലെടുത്താണ് ഇറാനെതിരായ സൈനിക നടപടികൾ ട്രംപ് താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വെടിനിർത്തൽ കരാർ നീട്ടിനൽകാൻ ട്രംപ് തയ്യാറായത്. ഇതാദ്യമായാണ് ഇറാൻ വിഷയത്തിൽ സമയപരിധി നിശ്ചയിക്കാതെയുള്ള വിട്ടുവീഴ്ചയ്ക്ക് അമേരിക്ക തയ്യാറാകുന്നത്.
അതേസമയം, നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും ഹോർമൂസ് കടലിടുക്കിൽ സൈനിക ഉപരോധം തുടരാനാണ് ട്രംപിന്റെ നിർദ്ദേശം. ഏത് സാഹചര്യത്തെയും നേരിടാൻ യുഎസ് സേന സജ്ജമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ തീരുമാനത്തെ പാകിസ്താൻ പ്രധാനമന്ത്രിയും ഐക്യരാഷ്ട്രസഭയും സ്വാഗതം ചെയ്തെങ്കിലും, ഇറാന്റെ ഭാഗത്തുനിന്നുള്ള അനുകൂല പ്രതികരണം ലഭിക്കാത്തത് അനിശ്ചിതത്വം വർധിപ്പിക്കുന്നു.
Trump expects ‘Good News’ by Friday on Iran talks; Tehran dismisses claims as false















