വാഷിങ്ടൺ: വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കെതിരായ നടപടി ശക്തമാക്കി ട്രംപ് ഭരണകൂടം. വിസ തട്ടിപ്പ്, തൊഴിലാളി ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ കേസുകളിൽ അന്വേഷണം വ്യാപിപ്പിച്ചതായി യുഎസ് തൊഴിൽ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സസ്‌പെൻഷനുകളും അറസ്റ്റുകളും പരിശോധനാ വാറന്റുകളും ഉണ്ടാകുമെന്നും തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ആന്തണി ഡി’എസ്പോസിറ്റോ മുന്നറിയിപ്പ് നൽകി.
H-1B, PERM വിസാ പദ്ധതികളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. വ്യാജ അപേക്ഷകൾ, തൊഴിലാളികളുടെ ശമ്പളത്തിൽനിന്നുള്ള അനധികൃത തിരിച്ചുപിരിവ്, തൊഴിലാളി ചൂഷണം, വ്യാജ റിക്രൂട്ട്മെന്റ് തുടങ്ങിയ ആരോപണങ്ങളാണ് അധികൃതർ പരിശോധിക്കുന്നത്. തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ഓഫീസ് നേരത്തെ നിരവധി സബ്‌പീനകൾ നൽകുകയും വിവിധ സ്ഥാപനങ്ങളിൽ പരിശോധനാ വാറന്റുകൾ നടപ്പാക്കുകയും ചെയ്തിരുന്നു. നൂറുകണക്കിന് H-1B പെറ്റീഷനുകൾക്ക് അംഗീകാരം ലഭിച്ച കമ്പനികളുമായി ബന്ധപ്പെട്ട ഡാലസിലെ ചില ഓഫീസുകളിലും ഓഗസ്റ്റിൽ പരിശോധന നടത്തി.
ചില ഓഫീസുകൾ പൂട്ടിക്കിടക്കുന്നതായും സജീവമായ ബിസിനസ് പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ തെളിവുകൾ കുറവായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. എന്നാൽ പരിശോധിച്ച എല്ലാ കമ്പനികളും H-1B പെറ്റീഷനുകളും തട്ടിപ്പുമായി ബന്ധപ്പെട്ടവയാണെന്ന് തൊഴിൽ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണം ഇപ്പോഴും തുടരുകയാണ്. H-1B തൊഴിലുടമകളുടെ രേഖകളും വിദേശ തൊഴിലാളികൾക്കായി സമർപ്പിക്കുന്ന പെറ്റീഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങളും കൂടുതൽ സൂക്ഷ്മമായി പരിശോധിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ് നൽകുന്നത്. അന്വേഷണത്തിൽ മറ്റ് ഫെഡറൽ നിയമനിർവഹണ ഏജൻസികളുമായും സഹകരിക്കുന്നതായി തൊഴിൽ വകുപ്പ് അറിയിച്ചു.
അതേസമയം, ചൂഷണം, നിർബന്ധിത സാഹചര്യം, ‘ബെഞ്ചിങ്’ (ജോലിയില്ലാതെ ജീവനക്കാരെ നിലനിർത്തുന്ന രീതി), വ്യാജ റിക്രൂട്ട്മെന്റ് തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടാൽ H-1B ജീവനക്കാർ പരാതിപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കോഗ്നിസന്റും ക്ലൗഡെറയും സമർപ്പിച്ച വിസാ അപേക്ഷകൾ ക്രിമിനൽ അന്വേഷണം നടക്കുന്നതിനിടെ സസ്‌പെൻഡ് ചെയ്തതായും തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ഓഫീസ് അറിയിച്ചു. എന്നാൽ ഇരു കമ്പനികളും നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് ഏജൻസി വ്യക്തമാക്കിയിട്ടില്ല.
Trump government widens foreign labor fraud crackdown: What H-1B workers and employers should know










