യൂറോപ്യൻ വാഹനങ്ങൾക്ക് 25 % ഇറക്കുമതി തീരുവ ഏർപ്പെടുത്തി ട്രംപ്; വ്യാപാര യുദ്ധം മുറുകുന്നു

വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കുമുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നിലവിലുള്ള വ്യാപാര കരാറുകൾ യൂറോപ്യൻ യൂണിയൻ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ ഈ നിർണ്ണായക നീക്കം. അടുത്ത ആഴ്ച മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

“യൂറോപ്യൻ യൂണിയൻ പൂർണ്ണമായി അംഗീകരിച്ച വ്യാപാര കരാറുകൾ പാലിക്കുന്നില്ല. ഈ സാഹചര്യത്തിൽ അടുത്ത ആഴ്ച മുതൽ ഇറക്കുമതി ചെയ്യുന്ന കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം തീരുവ ഈടാക്കും,” ട്രംപ് കുറിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്ത് ഇറക്കുമതി നിയന്ത്രിക്കാൻ പ്രസിഡൻ്റിന് അധികാരം നൽകുന്ന ‘സെക്ഷൻ 232’ പ്രകാരമാണ് ഈ നടപടിയെന്നാണ് സൂചന. അമേരിക്കൻ വാഹന നിർമ്മാണ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അമേരിക്കയിൽ പ്ലാൻ്റുകൾ സ്ഥാപിച്ച് വാഹനങ്ങൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഈ നികുതി ബാധകമാകില്ല. യൂറോപ്യൻ യൂണിയൻ കരാറുകൾ പാലിക്കാത്തതാണ് തീരുമാനത്തിന് പിന്നിലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ വാഹന നിർമ്മാണ മേഖലയിൽ 100 ബില്യൺ ഡോളറിൻ്റെ റെക്കോർഡ് നിക്ഷേപം നടക്കുന്നുണ്ടെന്നും പുതിയ പ്ലാൻ്റുകൾ ഉടൻ തുറക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

വിദേശ വാഹന നിർമ്മാതാക്കൾ അമേരിക്കയിൽ തന്നെ ഉൽപ്പാദന കേന്ദ്രങ്ങൾ തുടങ്ങാൻ ഈ നടപടി സമ്മർദ്ദമുണ്ടാക്കും. ട്രംപിൻ്റെ ഈ പ്രഖ്യാപനം ആഗോള വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. ഇത് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Trump imposes 25% import tariff on European vehicles; trade war intensifies

More Stories from this section

family-dental
witywide