‘ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാൻ്റെ നീക്കം ഞാൻ മുൻകൂട്ടി കണ്ടിരുന്നു’; നെതന്യാഹു പറഞ്ഞതല്ല ശരിയെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ വാദങ്ങളെ തള്ളി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ നീക്കങ്ങൾ ആർക്കും മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെന്ന നെതന്യാഹുവിൻ്റെ പ്രസ്താവനയോടാണ് ട്രംപ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. നെതന്യാഹു ഇതേ ചാനലിന് നൽകിയ അഭിമുഖം മികച്ചതായിരുന്നു എന്ന് സമ്മതിക്കുമ്പോഴും, ഇറാൻ്റെ തന്ത്രങ്ങളെക്കുറിച്ച് തനിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്ന് ട്രംപ് അവകാശപ്പെട്ടു. “അവർ അത് (കടലിടുക്ക്) അടയ്ക്കുമെന്ന് എനിക്കറിയാമായിരുന്നു. അവരുടെ കൈവശമുള്ള ഏക ആയുധം അതാണ്. ഇപ്പോഴതിന് പഴയ ശക്തിയില്ലെങ്കിലും അവരുടെ ഏക മാർഗ്ഗം ഇതുതന്നെയാണ്,” എന്നും ട്രംപ് പറഞ്ഞു.

ചില രാജ്യങ്ങളുടെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് താൻ മുൻപ് കടുത്ത നടപടികളിലേക്ക് കടക്കാതിരുന്നതെന്നും ട്രംപ് വെളിപ്പെടുത്തി. ‘ഓപ്പറേഷൻ ഫ്രീഡം’ വഴി കടലിടുക്ക് തുറന്നു നിലനിർത്താൻ അമേരിക്കയ്ക്ക് സാധിക്കുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ കപ്പലുകളുടെ സുരക്ഷയ്ക്കായി ഈ ഓപ്പറേഷൻ പുനരാരംഭിക്കുമോ എന്ന ചോദ്യത്തിന്, അതിനേക്കാൾ കഠിനമായ നടപടികൾ പ്രതീക്ഷിക്കാമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.

ഹോർമുസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ട്രംപിൻ്റെ ഈ പ്രസ്താവന അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

Trump rejects Netanyahu; reveals he knew Iran’s move to close the Strait of Hormuz’

More Stories from this section

family-dental
witywide