‘ആന്റി-വെപ്പണൈസേഷൻ’ ഫണ്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് ട്രംപ്; യുഎസിൽ ഭരണകൂടത്തിൽ വൻ ആശയക്കുഴപ്പം, നിലപാട് വ്യക്തമാക്കി പ്രസിഡന്റ്

വാഷിംഗ്ടൺ: യുഎസ് ഭരണകൂടം രൂപീകരിക്കാൻ ശ്രമിച്ച വിവാദപരമായ ‘ആന്റി-വെപ്പണൈസേഷൻ’ ഫണ്ട് താൻ പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചന നൽകി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘അഴിമതിക്കാരായ ഗവൺമെന്റ്’ വേട്ടയാടിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് തന്റെ നിലപാടെന്ന് ബുധനാഴ്ച പുറത്തുവിട്ട അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. ന്യൂയോർക്ക് പോസ്റ്റിന്റെ ‘പോഡ് ഫോഴ്സ് വൺ വിത്ത് മിറാൻഡ ഡിവൈൻ’ എന്ന പോഡ്‌കാസ്റ്റിലായിരുന്നു ട്രംപിന്റെ പ്രതികരണം.

ഫണ്ട് രൂപീകരണ നീക്കം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, “ഇല്ല, ഒരു കോടതി ഈ ഫണ്ടിനെതിരെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്,” എന്നായിരുന്നു ട്രംപിന്റെ മറുപടി. മുൻ ഗവൺമെന്റിന്റെ കാലത്ത് അന്യായമായി ലക്ഷ്യമിടപ്പെട്ട നിരവധി നല്ല മനുഷ്യർക്ക് താൻ പ്രസിഡൻഷ്യൽ മാപ്പ് നൽകിയിട്ടുണ്ടെന്നും, ഒരു അഴിമതി സർക്കാരിന്റെ ഇരകളായ അവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്നും ട്രംപ് വാദിച്ചു.

എന്നാൽ, ഇതേ വിഷയത്തിൽ ട്രംപ് ഭരണകൂടത്തിലെ ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് കഴിഞ്ഞ ദിവസം നിയമനിർമ്മാതാക്കൾക്ക് നൽകിയ ഉറപ്പിന് വിരുദ്ധമാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഈ ഫണ്ടുമായി മുന്നോട്ട് പോകില്ലെന്ന് ടോഡ് ബ്ലാഞ്ച് വ്യക്തമാക്കിയിരുന്നു. ഫണ്ട് പൂർണ്ണമായി ഉപേക്ഷിക്കുകയാണെന്ന് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായിരുന്നു.

ക്യാപിറ്റൽ ഹില്ലിലെ റിപ്പബ്ലിക്കൻ ജനപ്രതിനിധികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിനെത്തുടർന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഈ തീരുമാനത്തിൽ നിന്നും പിൻവാങ്ങിയത്. ഈ ‘ആന്റി-വെപ്പണൈസേഷൻ ഫണ്ട്’ പൂർണ്ണമായി റദ്ദാക്കുമെന്ന് ഉറപ്പ് ലഭിക്കാതെ അതിർത്തി സുരക്ഷയ്ക്കും കുടിയേറ്റ നിയന്ത്രണത്തിനുമുള്ള ഫണ്ടുകൾ പാസാക്കില്ലെന്ന നിലപാടിലായിരുന്നു റിപ്പബ്ലിക്കൻ സെനറ്റർമാർ. ഫണ്ട് ഉപേക്ഷിച്ചെന്ന ടോഡ് ബ്ലാഞ്ചിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ, ട്രംപിന്റെ മുൻഗണനാ പദ്ധതിയായ കുടിയേറ്റ നിയന്ത്രണങ്ങൾക്കായി 70 ബില്യൺ ഡോളറിന്റെ ബിൽ പാസാക്കാനുള്ള നീക്കങ്ങൾ സെനറ്റിലെ റിപ്പബ്ലിക്കൻ നേതാക്കൾ ശക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രസിഡന്റ് ട്രംപ് തന്നെ ഫണ്ടിനെ അനുകൂലിച്ച് വീണ്ടും രംഗത്തെത്തിയത് ഭരണകൂടത്തിന്റെ ഔദ്യോഗിക നിലപാടുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് റിപ്പബ്ലിക്കൻ സെനറ്റർമാരുടെ ആശങ്ക വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

Also Read

More Stories from this section

family-dental
witywide