
വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വലിയ പ്രതീക്ഷയോടെ അവതരിപ്പിച്ച ‘ഗോൾഡ് കാർഡ്’ വിസ പദ്ധതി വൻ പരാജയത്തിലേക്ക്. കോടീശ്വരന്മാരായ വിദേശികളെ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി നിയമപരമായ അനിശ്ചിതത്വത്തിലും സാമ്പത്തിക റിസ്കിലും കുടുങ്ങിയതോടെ നിക്ഷേപകർ ഇതിൽ നിന്ന് വിട്ടുനിൽക്കുകയാണ്. പദ്ധതി ‘അധാർമ്മികം’ ആണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകർ തന്നെ രംഗത്തെത്തിയത് സർക്കാരിന് വലിയ തിരിച്ചടിയായി.
10 ലക്ഷം മുതൽ 20 ലക്ഷം ഡോളർ വരെ (ഏകദേശം 8 മുതൽ 16 കോടി രൂപ വരെ) നിക്ഷേപം നടത്തുന്നവർക്ക് വേണ്ടിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ ട്രംപ് ഈ പദ്ധതി ഔദ്യോഗികമായി തുടങ്ങിയത്. 80,000 പേർ പദ്ധതിയുടെ ഭാഗമാകുമെന്നും 10,000 കോടി ഡോളർ വരുമാനം ലഭിക്കുമെന്നുമായിരുന്നു സർക്കാരിൻ്റെ കണക്കുകൂട്ടൽ. എന്നാൽ വെറും 338 അപേക്ഷകൾ മാത്രമാണ് ഇതുവരെ ലഭിച്ചത്. ഇതിൽ പകുതിയോളം പേർ മാത്രമാണ് അപേക്ഷാ ഫീസ് അടച്ചിട്ടുള്ളത്.
ട്രംപ് കുടുംബത്തിൻ്റെ വിശ്വസ്തനായ ഇമിഗ്രേഷൻ അഭിഭാഷകൻ മൈക്കൽ വൈൽഡ്സ് പോലും ഈ പദ്ധതിയെ തള്ളിപ്പറഞ്ഞു. നിലവിലുള്ള നിയമപ്രശ്നങ്ങൾ കാരണം തൻ്റെ ക്ലയൻ്റുകൾക്ക് ഈ വിസ ശുപാർശ ചെയ്യുന്നത് ധാർമ്മികമായി ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതിക്ക് യുഎസ് കോൺഗ്രസിൻ്റെ പച്ചക്കൊടി ലഭിച്ചിട്ടില്ല. അതിനാൽ ഭരണമാറ്റം ഉണ്ടായാൽ പദ്ധതി ഏതു നിമിഷവും റദ്ദാക്കപ്പെട്ടേക്കാം എന്നത് പ്രധാന വെല്ലുവിളയാണ്. പണം നൽകിയാൽ മറ്റ് വിസ കാറ്റഗറികളെ മറികടന്ന് പെട്ടെന്ന് വിസ ലഭിക്കുമെന്ന വാഗ്ദാനം തെറ്റാണെന്ന് സർക്കാർ സത്യവാങ്മൂലം തന്നെ വ്യക്തമാക്കുന്നു.
പദ്ധതി പരാജയപ്പെട്ടാൽ നിക്ഷേപിക്കുന്ന വൻതുക തിരികെ ലഭിക്കില്ലെന്ന ആശങ്ക ശക്തമാണ്. പദ്ധതി തുടങ്ങുന്നതിന് മുൻപ് തന്നെ ആയിരത്തോളം പേർക്ക് വിസ നൽകിയെന്ന വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിൻ്റെ അവകാശവാദം വെറും ‘പരസ്യ തന്ത്രം’ മാത്രമാണെന്ന് ഇപ്പോൾ പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ തെളിയിക്കുന്നു. നൈജീരിയ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചുരുക്കം ചിലർ മാത്രമാണ് ഇപ്പോൾ ഈ പദ്ധതിയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത് എന്നതും ശ്രദ്ധേയം.
Trump’s ‘Gold Card’ a huge setback; Rich People withdrawing from the investment visa scheme














