
വാഷിംഗ്ടൺ: യു എസ് സെനറ്റിലേക്ക് മേയ്ൻ സംസ്ഥാനത്തു നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിത്വത്തിനായി ഇന്ത്യൻ വംശജനായ ഡോ. നിരവ് ഷാ (49) ഔദ്യോഗികമായി രംഗത്തിറങ്ങി. ലൈംഗികാരോപണങ്ങളെ തുടർന്ന് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗ്രഹാം പ്ലാറ്റ്നർ മത്സരത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ഡോ. നിരവ് ഷായുടെ ഈ പ്രഖ്യാപനം.
കോവിഡ്-19 മഹാമാരിക്കാലത്ത് മേയ്ൻ സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച രീതിയിൽ നേതൃത്വം നൽകിയതിലൂടെയാണ് ഫിസിഷ്യൻ കൂടിയായ നിരവ് ഷാ ജനശ്രദ്ധ നേടിയത്. അടുത്തിടെ നടന്ന ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രോഗ്രസ്സീവ് നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്ന ഡോ. നിരവ് ഷാ, താൻ കോടീശ്വരന്മാർക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്നും, എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. “തകർന്ന രാഷ്ട്രീയ വ്യവസ്ഥിതിയെ മാറ്റാൻ ഭയമില്ലാത്ത ഒരു പുറത്തുനിന്നുള്ളയാൾ മാത്രമെ ഇത്തവണ ജനങ്ങൾക്ക് വേണ്ടി പോരാടാൻ ഉണ്ടാവുകയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം അവസാനം നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടി കൺവെൻഷനിലെ പ്രതിനിധികളായിരിക്കും വോട്ടെടുപ്പിലൂടെ പുതിയ ഔദ്യോഗിക സ്ഥാനാർത്ഥിയെ അന്തിമമായി തിരഞ്ഞെടുക്കുക. നിലവിലെ റിപ്പബ്ലിക്കൻ സെനറ്റർ സുസൻ കോളിൻസിന് എതിരെയായിരിക്കും ഇത്തവണത്തെ മത്സരം. ഏകദേശം 500 മില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന, രാജ്യത്തെ തന്നെ ഏറ്റവും ചെലവേറിയ യു.എസ്. സെനറ്റ് മത്സരങ്ങളിലൊന്നായി ഇത് മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
US politics; Dr. Nirav Shah will be a Senate candidate, the Democratic Party is hopeful of victory in Maine













