ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകാൻ വിളിക്കപ്പെട്ടവർ; ഷിക്കാഗോ സിറോ മലബാർ രൂപത ജൂബിലി കൺവൻഷന് തിരിതെളിഞ്ഞു

ഷിക്കാഗോ; ലോകം മുഴുവൻ നവ സുവിശേഷവൽക്കരണത്തിന്റെ പതാകവാഹകരാകാൻ ഷിക്കാഗോ സിറോ മലബാർ രൂപതയിലെ എല്ലാ വിശ്വാസികൾക്കും സാധിക്കട്ടെ എന്ന് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഷിക്കാഗോ സിറോ മലബാർ രൂപത രജത ജൂബിലി കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്. ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന രാജ്യമായ അമേരിക്കയിൽ മുഴുവൻ നവ സുവിശേഷ ചൈതന്യം നിറക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഷിക്കാഗോ രൂപതയ്ക്ക് ഉള്ളത്. ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമാകാൻ വിളിക്കപ്പെട്ടവരാണ് നിങ്ങൾ.

ഇവിടെയുള്ള മലയാളികളായ വിശ്വാസികൾക്ക് പ്രാർഥിക്കാനും ആരാധിക്കാനും മാത്രമുള്ള സംവിധാനം അല്ല ഈ രുപത. വിശേഷ പ്രഘോഷണത്തിന്റെ പുതിയ ചക്രവാളങ്ങൾ ഇനിയും വരാനിരിക്കുന്ന ഒരുപാട് തലമുറകളിലേക്ക് വ്യാപിക്കുക എന്ന വലിയ ചുമതല കൂടിയുണ്ട് ഷിക്കാഗോ രൂപതയ്ക്ക്. ഈ രൂപതയിൽ നിന്ന് ദൈവവിളി സ്വീകരിച്ച ഒരുപാട് കുട്ടികൾ സഭക്കു വലിയ മുതൽകൂട്ടാണ്. ഇനിയും വരുന്ന തലമുറകൾ ഇന്ത്യയെ ഒരു വിദേശ രാജ്യമായി ആയിരിക്കാം പരിഗണിക്കുക. പക്ഷേ നമ്മുടെ വിശ്വാസ പാരമ്പര്യവും മൂല്യങ്ങളും സംസ്കാരവും അവരിലേക്ക് പകരുക എന്ന വലിയ ജോലി ഈ രൂപതക്കുണ്ട്. തട്ടിൽ പിതാവ് ഓർമിപ്പിച്ചു

അമേരിക്കയിൽ ഒരു രൂപത സ്ഥാപിക്കാനും പ്രവർത്തനം വിപുലീകരിക്കാനും സിറോ മലബാർ സഭക്ക് എന്നും പിന്തുണയുമായി നിന്നത് ഇവിടുത്തെ ക്നാനായ സമൂഹമാണ്. അവരേയും ഇവിടത്തെ ലത്തീൻ സഭയേയും ഈ അവസരത്തിൽ നന്ദി പൂർവം സ്മരിക്കുന്നതായി ബിഷപ് മാർ തട്ടിൽ പറഞ്ഞു.

മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിൻ്റെ കഠിനമായ പരിശ്രമത്തിന്റേയും വേദകളുടേയും കണ്ണീരിൻ്റേയും ഫലമാണ് ഈ രൂപത, അങ്ങാടിയത്ത് പിതാവിൻ്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി ആഘോഷം കൂടിയായ ഈ അവസരത്തിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നതായും ബിഷപ് മാർ തട്ടിൽ പറഞ്ഞു.

ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്,  നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനാണ് തുടക്കമായിരിക്കുന്നത്.

അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ,  സമ്മേനത്തിൽ  ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

സുവർണ ജൂബിലി ആഘോഷം ഷിക്കാഗോ രൂപതയെ സംബന്ധിച്ച് നിരവധി ഓർമപ്പെടുത്തലുകളാണ് സമ്മാനിക്കുന്നത്, കഴിഞ്ഞ 25 വർഷമായി ദൈവം നൽകിയിരിക്കുന്ന അനുഗ്രഹങ്ങളെ നന്ദിയോടെ ഓർക്കാനും വിശ്വാസ ജീവിതത്തെ നവീകരിക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഷിക്കാഗോ രൂപത ബിഷപ് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു. രൂപതയുടെ രൂപീകരണത്തിനും മറ്റ് പള്ളികളുടെയും മിഷനുകളുയേയും സ്ഥാപനത്തിനും സഹായിച്ച എല്ലാവരേയും പ്രത്യേകിച്ച് അമേരിക്കയിലെ റോമൻ കത്തോലിക്കാ സഭയെ നന്ദിയോടെ സ്മരിക്കുന്നു.

വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള വിശ്വാസ ജീവിതത്തെ പുതുക്കിപ്പണിയാനും സുവിശേഷത്തിന്റെ സന്ദേശ വാഹകരാകാനും എല്ലാവർക്കും ഈ കൺവൻഷൻ ഒരു നമിത്തമാകട്ടെ എന്നും ബിഷപ് പറഞ്ഞു. ക്രസ്തുവിൽ ഒന്നിച്ചവരുടെ സമൂഹം എന്ന നിലയിൽ ഒരുമയോടെ സമൂഹത്തിനു വേണ്ടി നിലകൊള്ളാനും ചാരിറ്റി പ്രവർത്തനങ്ങൾ കൂടുതൽ വിപുലവും ശക്തവുമാക്കാനും എല്ലാവർക്കുംകഴിയണം . കൂടുതൽ കരുണയുള്ളവരായി സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. – ബിഷപ് മാർ ജോയ് ആലപ്പാട്ട് പറഞ്ഞു.

ജനിച്ച നാട്ടിൽ നിന്ന് വളരെ ദൂരെ അമേരിക്കയിൽ എത്തിയ മലയാളികൾ അവരുടെ വിശ്വാസപാരമ്പര്യം വെറുമൊരു ഓർമമാത്രമായി അവശേഷിപ്പിക്കാൻ തയാറാകാതെ അവരുടെ സ്വന്തം മാതൃഭാഷയിൽ കുർബാനയിൽ പങ്കെടുക്കുകയും സ്വന്തം പാരമ്പര്യം അടുത്ത തലമുറയ്ക്കു വേണ്ടി കൈമാറുകയും ചെയ്തതിനാലാണ് ഇന്നത്തെ ഷിക്കാഗോ രൂപതയുണ്ടായതും അതു പടർന്ന് പന്തലിച്ചതുമെന്ന് കർദിനാൽ മാർ ജോർജ് കൂവക്കാട്ടിൽ. ജൂബിലി കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാർ തോമാശ്ളീഹായുടെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന വലിയ ഉത്തരവാദിത്വമുള്ള വിശ്വാസികളാണ് നിങ്ങൾ. വിശ്വാസത്തിന്റ ഏറ്റവും പരിശുദ്ധമായ ഏറ്റുപറച്ചിൽ നടത്തിയ ക്രിസ്തു ശിഷ്യനാണ് തോമാശ്ളീഹാ. എൻ്റെ കർത്താവേ എൻ്റെ ദൈവമേ എന്ന ആ വാക്യം നമ്മളെ എന്നും നയിക്കട്ടെ. വരൂ നമുക്കും അവനോട് കൂടി പോയി മരിക്കാം എന്ന തോമാശ്ളീഹായുടെ വിശ്വാസ സ്ഥൈര്യം നമുക്കും നമ്മുടെ വരും തലമുറകൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നതായും പിതാവ് പറഞ്ഞു.

ഷിക്കാഗോ അതിരൂപത ആർച്ച് ബിഷപ് കാർഡിനൽ മാർ ബ്ളേയിസ് ജെ കുപ്പിച്ച് ഷിക്കാഗോ സിറോ മലബാർ രൂപതക്കും മെത്രാഭിഷേക സിൽവർ ജൂബിലി ആഘോഷിക്കുന്ന മാർ അങ്ങാടിയത്ത് പിതാവിനും അഭിനന്ദവും ആശംസകളും അർപ്പിച്ചു. അമേരിക്കയുടെ 250ാം പിറന്നാളും ഷിക്കാഗോ രൂപതയുടെ 25 ാം വാർഷികവും ഒരുമിച്ച് വന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഷിക്കാഗോ ബിഷപ് മാർ ബ്ളേയിസ് ജെ കുപ്പീച്ച് , കർദിനാൽ മാർ ജോർജ് കൂവക്കാട്, മാർ ജേക്കബ് അങ്ങാടിയത്ത്, ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, മിസിസാഗാ ബിഷപ് മാർ ജോസ് കല്ലുവേലിൽ, സിറോ മലങ്കര ബിഷപ് മാർ ഫിലിപോസ് മാർ സ്റ്റെഫാനോസ് ,ഫാ ജോസ് മേലേപ്പുറം,മോൺസിഞ്ഞോർ ഫാ. തോമസ് മുളവനാൽ, ഫാ. ജോളി വടക്കൻ, ഫാ. കുര്യൻ നെടുവേലിചാലിങ്കൽ, ,ഫാ ജോസഫ് തടത്തിൽ, ഫാ. മെൽവിൻ പോൾ, ഫാ. ജോ പയസ്, രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ജോസ് ചാമക്കാല, ജോണി വടക്കുംചേരി, ആൻഡ്രു തോമസ്, .ആനി മാനാട്ട്, ജോസി കുഞ്ചെറിയ, മാറ്റ് തോമസ്, ലിയ കുഞ്ചെറിയ,   അരുൺ ജയിംസ്, ഡിലൻ മാത്യു,റോക്ക്ലാൻഡ് കൌണ്ടി ലെജിസ്ളേറ്റർ ആനി പോൾ,ക്രൌൺ സ്പോണസർ ജിബി പാറക്കൽ, കരീന ജോസ്, പ്രീമിയം സ്പോൺസർ വർഗീസ് മാളിയേക്കൽ, നീന ജോർജ്,  പ്രീമിയം സ്പോൺസർഫെബിൻ മുത്തേറ്റ് , റിതിൻ ജോസഫ്, കെവിൻ മാത്യു, ആഷ്ലിൻ ജാക്കി, റയാൻ മാത്യു, എന്നിവർ കൺവൻഷൻ ഉദ്ഘാടനയോഗത്തിൽ സംസാരിച്ചു.


ഡോ. ബീന വള്ളിക്കളം സ്വാഗതം ആശംസിച്ചു.

ഉദ്ഘാടന സമ്മേളനത്തിനു മുൻപ് നടന്ന കുർബാനക്ക് ഷിക്കാഗോ സിറോ മലബാർ രൂപതയുടെ പ്രഥമ അധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് കാർമികത്വം വഹിച്ചു. കുർബാന മധ്യേയുള്ള പ്രസംഗത്തിൽ പിതാവ്, രൂപതയുടെ സ്ഥാപനത്തിനും വളർച്ചക്കും സഹായിച്ച് ഒപ്പം നിന്ന എല്ലാ വൈദികരേയും സന്യസ്തരേയും അൽമായരേയും നന്ദിയോടെ സ്മരിച്ചു. ഇനിയും കർത്താവിൻ്റെ കൈ പിടിച്ച് മുന്നേറാൻ വേണ്ടിയുള്ള പദ്ധതിയാണ് കൺവൻഷനനും മറ്റു ജൂബിലി ആഘോഷ പരിപാടികളും എന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ഭാവഭേദങ്ങൾ അറിയാൻ നമുക്ക് കഴിയുന്നതുപോലെ കർത്താവിൻ്റെ ഹിതം മനസ്സിലാക്കി പ്രവർത്തിക്കാനും നമുക്ക് കഴിയണം. സ്നേഹവും പ്രാർഥനയും മാതൃകാപരമായ വിശ്വാസ ജീവിതവുമാണ് നമ്മുടെ മക്കൾക്ക് നൽകാനുള്ള ഏറ്റവും വലിയ സമ്പത്ത്. ആ പ്രേഷിത ദൌത്യം എല്ലാവരും ഏറ്റെടുത്ത് മുന്നോട്ടു പോകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

More Stories from this section

family-dental
witywide