
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണിച്ചു. മോദിയെ ഫോണിൽ വിളിച്ചാണ് നെതന്യാഹു ക്ഷണം അറിയിച്ചത്. “എന്റെ സുഹൃത്തും ഇന്ത്യൻ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിൽ ധീരനായ ഒരു ഇന്ത്യൻ പൈലറ്റിനൊപ്പം ദീപശിഖ തെളിയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു,” നെതന്യാഹു എക്സിൽ കുറിച്ചു.
ക്ഷണത്തിന് മോദി നന്ദി അറിയിച്ചതായും കരയിലും ആകാശത്തും ഇന്ത്യയും ഇസ്രയേലും ഒരുമിച്ച് ഭീകരവാദത്തിനെതിരെ പോരാടുകയാണെന്ന് പറഞ്ഞതായും നെതന്യാഹു വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള ശക്തമായ ബന്ധത്തെയും മോദി പ്രശംസിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ സംഭാഷണം സ്ഥിരീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രസ്താവന പുറത്തിറക്കി. “ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു,” പ്രസ്താവനയിൽ പറയുന്നു. ഇന്ത്യ-ഇസ്രയേൽ ബന്ധത്തിലെ തുടർച്ചയായ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും അവർ ആവർത്തിച്ചു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളും നേതാക്കൾ ചർച്ച ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. പ്രതിസന്ധിക്ക് പരിഹാരമായി ചർച്ചയും നയതന്ത്രവുമാണ് വേണ്ടതെന്ന ഇന്ത്യയുടെ നിലപാട് മോദി ആവർത്തിച്ചു. പരസ്പരം ബന്ധം തുടരാനും ഇരു നേതാക്കളും ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.












