എല്ലാം ഇസ്രയേലിന്‍റെ കയ്യിലിരുപ്പ് പോലെ! യുഎസ്-ഇറാൻ കരാറിന്‍റെ ഭാവി ഇസ്രായേലിന്‍റെ പിന്മാറ്റത്തെ ആശ്രയിച്ച് മാത്രമെന്ന് വിദഗ്ധർ

വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിന്റെ ഭാവി, ഇസ്രായേൽ വെടിനിർത്തൽ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രംപ് ഭരണകൂടം തയ്യാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് പ്രമുഖ യുഎസ് മാധ്യമപ്രവർത്തകയും രാഷ്ട്രീയ നിരീക്ഷകയുമായ റാനിയ ഖാലെക്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ധാരണയുടെ ഒന്നാമത്തെ വ്യവസ്ഥ തന്നെ സൈനിക നീക്കങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുക എന്നതാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇറാന്റെ കാഴ്ചപ്പാടിൽ, കരാർ നിലവിലിരിക്കെ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണങ്ങൾ ആ ധാരണയുടെ നഗ്നമായ ലംഘനമായി മാത്രമേ കാണാൻ സാധിക്കൂ എന്നും അവർ വ്യക്തമാക്കി.

നിലവിലെ കരാറിനെക്കുറിച്ചുള്ള ചർച്ചകളിൽ ഭൂരിഭാഗവും വെറും വാചകക്കസർത്തുകളായി മാത്രമാണ് അവശേഷിക്കുന്നതെന്നും യഥാർത്ഥത്തിൽ യുദ്ധഭൂമിയിൽ ഈ വെടിനിർത്തൽ എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വലിയ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും റാനിയ ഖാലെക് പറഞ്ഞു. തെക്കൻ ലെബനനിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേൽ സൈന്യത്തിന് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ പരാജയമാണെന്ന വാദങ്ങളെ അവർ ശക്തമായി എതിർത്തു.

ലെബനന്റെ മണ്ണ് കൈയേറി അധിനിവേശം തുടരുന്ന ഇസ്രായേൽ സൈനികർക്ക് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയാൽ, അത് വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ തെളിവല്ലെന്ന് റാനിയ വ്യക്തമാക്കുന്നു. മറിച്ച് വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള സൈന്യത്തിന്റെ പിന്മാറ്റം യഥാസമയം നടപ്പിലാക്കാത്തതിന്റെ തെളിവാണത്. ഇസ്രായേൽ സൈന്യം തെക്കൻ ലെബനനിൽ തുടരുന്നിടത്തോളം കാലം അവരുടെ സൈനികർ ആക്രമിക്കപ്പെടുക തന്നെ ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. അധിനിവേശ സേനയ്ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ തടയാനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഇസ്രായേൽ സൈന്യം ലെബനൻ മണ്ണിൽ നിന്ന് എത്രയും വേഗം പിന്മാറുക എന്നത് മാത്രമാണെന്നും അതോടെ ഈ പ്രതിസന്ധികളെല്ലാം അവസാനിക്കുമെന്നും റാനിയ ഖാലെക് നിരീക്ഷിച്ചു.

More Stories from this section

family-dental
witywide