
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ്റെ ഏഴ് ‘ഫാസ്റ്റ് ബോട്ടുകൾ’ തകർത്തതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള യുഎസ് നീക്കത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് യുഎസ് സൈന്യം ഇറാനിയൻ ബോട്ടുകളെ ആക്രമിച്ചത്.
അതേസമയം, യുഎഇയിലെ ഫുജൈറ എണ്ണ തുറമുഖത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെത്തുടർന്ന് ഇവിടെ വൻ തീപിടുത്തമുണ്ടായി. യുഎഇയുടെ എണ്ണക്കമ്പനിയായ അഡ്‌നോക്കിൻ്റെ ടാങ്കറിന് നേരെയും ദക്ഷിണ കൊറിയൻ കപ്പലിന് നേരെയും ആക്രമണമുണ്ടായതായി ഇരു രാജ്യങ്ങളും സ്ഥിരീകരിച്ചു.
ഗൾഫ് മേഖലയിൽ കുടുങ്ങിയ കപ്പലുകളെ രക്ഷിക്കാനുള്ള അമേരിക്കയുടെ ‘പ്രോജക്റ്റ് ഫ്രീഡം’ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ കപ്പൽ സുരക്ഷിതമായി പുറത്തെത്തിയെന്ന് പ്രമുഖ ഷിപ്പിംഗ് കമ്പനിയായ മായേഴ്സ്ക് വ്യക്തമാക്കി. യുഎസ് സൈനിക സംരക്ഷണത്തോടെയാണ് ‘അലയൻസ് ഫെയർഫാക്സ്’ എന്ന കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നത്. ഫെബ്രുവരി മുതൽ ഇവിടെ കപ്പലുകൾ തടയപ്പെട്ടിരിക്കുകയായിരുന്നു.
സൈനിക നീക്കത്തിലൂടെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാനാവില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു. അമേരിക്കയുടെ ‘പ്രോജക്റ്റ് ഫ്രീഡം’ പരാജയമാണെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ യുഎസ് ബോട്ടുകൾ തകർത്തെന്ന വാർത്ത ഇറാൻ സൈന്യം നിഷേധിച്ചിട്ടുണ്ട്. ലോകത്തെ എണ്ണ-വാതക നീക്കത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഫെബ്രുവരി മുതൽ ഭാഗികമായി അടഞ്ഞുകിടക്കുകയാണ്. ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും മേഖലയിൽ ഇപ്പോഴും കടുത്ത സംഘർഷാവസ്ഥ തുടരുകയാണ്.
US-Iran clash in the Strait of Hormuz; America destroys seven Iranian fast boats, Iran says ‘Project Freedom’ is a failure















