
സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് സംബന്ധിച്ച് നടത്തിയ പരാമർശങ്ങളിൽ വിവാദം തുടരുന്നതിനിടെ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീകൾക്ക് രണ്ടാംസ്ഥാനമാണ് നൽകുന്നത് എന്ന് പറയുന്നത് ശരിയല്ലെന്നും സ്ത്രീകളെ കുഴിച്ചുമൂടണമെന്ന നിലപാടുള്ളവരല്ല തങ്ങളെന്നും തൃശ്ശൂരിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കാരന്തൂർ മർകസിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന അവിടെ പഠിപ്പിക്കുന്നത് സ്ത്രീകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെയുള്ള കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും താമസവുമെല്ലാം സൗജന്യമായാണ് നൽകുന്നത്. സ്ത്രീകളെ കുഴിച്ചുമൂടുന്നവരോ അങ്ങനെ ചെയ്യണമെന്ന് പറയുന്നവരോ അല്ല തങ്ങളെന്നും കാന്തപുരം വ്യക്തമാക്കി.
നേരത്തെ കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കവേ, സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും പൊതുരംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും കാന്തപുരം പറഞ്ഞത് വലിയ വിവാദമായിരുന്നു. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പരാമർശം.
We Do Not Bury Women, Nor Give Them Second Status: Kanthapuram A.P. Aboubacker Musliyar














