
വാഷിംഗ്ടൺ: കൽക്കരി, പ്രകൃതിവാതക വൈദ്യുത നിലയങ്ങളിൽ നിന്നുള്ള മലിനീകരണം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണകൂടം റദ്ദാക്കി. യു.എസ് എൻവയോൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇ.പി.എ) മേധാവി ലീ സെൽഡിൻ തിങ്കളാഴ്ചയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ഭാവി ഭരണകൂടങ്ങൾക്ക് വൈദ്യുത നിലയങ്ങളിലെ മലിനീകരണ തോത് നിയന്ത്രിക്കാൻ കഴിയാത്തവിധം നിയമപരമായ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.
മുൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ കാലത്തുണ്ടായിരുന്ന ഭൂരിഭാഗം കാലാവസ്ഥാ നിയമങ്ങളും റദ്ദാക്കുന്നതിലൂടെ ഊർജ്ജ വില കുറയ്ക്കാനാകുമെന്നും ഏകദേശം 310 ബില്യൺ ഡോളറിൻ്റെ ലാഭമുണ്ടാകുമെന്നുമാണ് ഇ.പി.എയുടെ വാദം. ബൈഡൻ ഭരണകാലത്തെ നിയന്ത്രണങ്ങൾ ഏജൻസിയുടെ യഥാർത്ഥ അധികാരപരിധിക്ക് അപ്പുറമുള്ളതായിരുന്നുവെന്നും, പ്രായോഗികമല്ലാത്ത സാങ്കേതികവിദ്യകൾ അടിച്ചേൽപ്പിച്ച് വൈദ്യുത നിലയങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിക്കുന്നതായിരുന്നു മുൻ നയമെന്നും ഇ.പി.എ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
“ലോകത്തെവിടെയുമുള്ളതിനേക്കാൾ മികച്ചതും ശുദ്ധവുമായ രീതിയിലാണ് അമേരിക്ക ഊർജ്ജം ഉത്പാദിപ്പിക്കുന്നത്. അതിനാൽ നമ്മുടെ വൈദ്യുത നിലയങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ല,” ലീ സെൽഡിൻ വ്യക്തമാക്കി. പുതിയ നിയമങ്ങൾ രാജ്യത്തെ ഗതാഗതം, കൃഷി, നിർമ്മാണം തുടങ്ങിയ മേഖലകളിലെ ചിലവ് കുറയ്ക്കുമെന്നും ദേശീയ സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണകൂടത്തിൻ്റെ ഈ പുതിയ നീക്കം അമേരിക്കൻ ജനതയുടെ ആരോഗ്യത്തെയും ഭൂമിയുടെ നിലനിൽപ്പിനെയും ദോഷകരമായി ബാധിക്കുമെന്ന് പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകി. പ്രതിവർഷം 4,500 അകാല മരണങ്ങൾ തടയാൻ ലക്ഷ്യമിട്ടായിരുന്നു ബൈഡൻ സർക്കാർ ഈ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നത്. എന്നാൽ, പൊതുജനാരോഗ്യ പ്രശ്നങ്ങളെ വൈദ്യുത നിലയങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ലെന്ന വിചിത്ര വാദമാണ് ഇ.പി.എ ഇപ്പോൾ ഉയർത്തുന്നത്.
ഇ.പി.എ ശാസ്ത്രത്തെയും സാമ്പത്തിക ശാസ്ത്രത്തെയും പൂർണ്ണമായി അവഗണിച്ചുവെന്നും, പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഏജൻസി പിന്മാറിയെന്നും സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എനർജി സൊല്യൂഷൻസ് പ്രസിഡന്റ് നഥാനിയൽ കിയോഹെയ്ൻ വിമർശിച്ചു.
ചൈനയ്ക്ക് തൊട്ടുപിന്നിൽ ലോകത്ത് ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. യു.എസിലെ മൊത്തം മലിനീകരണത്തിന്റെ നാലിലൊന്നും വരുന്നത് വൈദ്യുത മേഖലയിൽ നിന്നാണ്. കൽക്കരി ഉപയോഗത്തിൽ വന്ന കുറവ് കാരണം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ മലിനീകരണ തോത് കുറഞ്ഞു വരികയായിരുന്നു. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെയും കൽക്കരി നിലയങ്ങളുടെയും തിരിച്ചുവരവിനായി വാദിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ മാറ്റങ്ങൾ.
അതേസമയം, സോളാർ പവർ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ ചിലവ് ആഗോളതലത്തിൽ വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ, ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നതുപോലെ കൽക്കരി മേഖലയ്ക്ക് ഇനി ഒരു തിരിച്ചുവരവ് സാധ്യമാണോ എന്ന് സാമ്പത്തിക വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ വാമിംഗിനെതിരെയുള്ള ആഗോള പോരാട്ടങ്ങൾക്ക് വൻ തിരിച്ചടിയാകുന്ന ഈ തീരുമാനത്തിനെതിരെ പരിസ്ഥിതി സംഘടനകളും വിവിധ സംസ്ഥാനങ്ങളും ഉടൻ തന്നെ നിയമപരമായ വെല്ലുവിളികളുമായി കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
US scraps pollution controls for power plants; environmental groups call it a major setback for climate policies.















